pic

തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികളുടെ പഠന മുറി നിർമ്മാണത്തിനും വിവാഹത്തിനുമുള്ള ധനസഹായം തട്ടിയെടുത്ത സംഭവത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സ്വാഗതാർഹമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നാല് മാസങ്ങൾക്ക് മുമ്പ് ക്രമക്കേട് കണ്ടെത്തിയതും നടപടികൾ സ്വീകരിച്ചതും പട്ടികജാതി വികസന വകുപ്പാണ്. തട്ടിപ്പിൽ പങ്കുളള എസ്.സി പ്രമോട്ടർമാരെ ജോലിയിൽ നിന്ന് നീക്കി. രണ്ടു ക്ലാർക്കുമാരെയും മേൽനോട്ട ചുമതലയിൽ വീഴ്ച വരുത്തിയ രണ്ട് മേലുദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അഴിമതി നിരോധനവകുപ്പനുസരിച്ചും ക്രിമിനൽ നടപടി പ്രകാരവും പൊലീസ് കേസെടുക്കുകയും പ്രധാന പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്വേഷണം ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണ് വകുപ്പ് മന്ത്രിക്ക് ലഭിച്ച ഭീഷണി ഫോൺ കാൾ. തിരുവനന്തപുരത്ത് നടന്നതു പോലെയുള്ള സാമ്പത്തിക തട്ടിപ്പ് സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. അതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പി.കെ.എസ് സംസ്ഥാന പ്രസിഡണ്ട് എസ്. അജയകുമാറും സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് എം.പിയും ആവശ്യപ്പെട്ടു.