തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഇന്നും നാളെയും 3.75 ലക്ഷം പേരെ കൂട്ട പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധിക്കും. തുടർച്ചയായി രോഗബാധ നിലനിൽക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങൾ വിശകലനം നടത്തി കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തും.
ഇൻഫ്‌ളുവൻസ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കൊവിഡ്‌രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമർദം തുടങ്ങിയവയുള്ളവർ, ജനക്കൂട്ടവുമായി ഇടപെടൽ നടത്തുന്ന 45 വയസിന് താഴെയുള്ളവർ, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളിലുള്ളവർ,കൊവിഡ് ബാധിതരുമായി സമ്പർക്കമുള്ളവർ, ഒ.പിയിലെ രോഗികൾ, കൊവിഡിതരരോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവരെ പരിശോധനയ്ക്ക് വിധേയമാക്കും. കൊവിഡ് മുക്തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിശോധനാകേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കും ഈ സാമ്പിളുകൾ അയയ്ക്കും. ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റിവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യും.