തിരുവനന്തപുരം: മണ്ണുമാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ വട്ടിയൂർകാവ് സി.ഐ എ.എസ്. ശാന്തകുമാറിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. ശ്രീരാമകൃഷ്‌ണ ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മണ്ണ് മാറ്റുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയ അതിർത്തിക്ക് പുറത്തുനിന്ന് മണ്ണ് കടത്താൻ മാഫിയയ്ക്ക് ഒത്താശ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനധികൃതമായി മണ്ണ് കടത്തിയതിന് പിടിച്ചെടുത്ത ടിപ്പറിൽ നിന്ന് മണ്ണ് മോഷണം പോയി. അനധികൃത ഖനനത്തിന് 25,000രൂപ പിഴ ചുമത്താമെന്നിരിക്കെ സി.ഐ നടപടിയെടുത്തില്ല. മണ്ണ് മാഫിയാ തലവനായ മുരുകൻ (ചെള്ള് മുരുകൻ) സി.ഐയെ 19 തവണ ഫോണിൽ വിളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. വട്ടിയൂർകാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വാഹനം മാറ്റിയതിലും സി.ഐയുടെ പങ്ക് കണ്ടെത്തി. നിയമവിരുദ്ധമായി ചില കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മണ്ണ് കടത്തിൽ ശാന്തകുമാറിന്റെ ഭാഗത്തു നിന്ന് കൃത്യവിലോപം, അച്ചടക്കലംഘനം, നിരുത്തവാദിത്തം എന്നിവ കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തത്.