തിരുവനന്തപുരം: ശക്തമായ മഴയ്‌ക്കൊപ്പം നഗരത്തിൽ 15 മിനിട്ട് വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി ദേശീയപാതയിലടക്കമുള്ള റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പി പൊട്ടിവീണതിനാൽ പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
ഇന്നലെ രാവിലെ 11.30 ഓടെയാണ് ശക്തമായ മഴ തുടങ്ങിയത്. ഇതിനൊപ്പം രാവിലെ 11.45 മുതൽ 15 മിനിട്ടോളം ശക്തമായ കാറ്റുംവീശി. സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡുകളുടെ ഷീറ്റുകൾ പറന്നുപൊങ്ങി വൈദ്യുതി കമ്പിയിൽ നിലയുറപ്പിച്ചു. ഈസമയം സെക്രട്ടേറിയറ്റിനു മുന്നിൽ നിരവധി സംഘടനകളുടെ ധർണ നടക്കുകയായിരുന്നു. ഏതാനും സമരക്കാരുടെ ബാനറുകൾ കാറ്റടിച്ചു പറത്തി.
ആർ.സി.സിക്കു മുന്നിൽ നിന്ന വാകമരം രണ്ടായി പിളർന്ന് വൈദ്യുത ലൈനിനു മീതെ വീണതോടെ കാൻസർ സെന്ററിലേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. ആൾക്കാർ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സെത്തി മരം മുറിച്ചു നീക്കിയശേഷം വൈദ്യുതി ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

ഉള്ളൂർ പോങ്ങുംമൂട് ബാപ്പുജി നഗറിലും കഴക്കൂട്ടം ജംഗ്ഷനു സമീപം അമ്പലത്തിൻകരയിലും ദേശീയപാതയിൽ തോന്നൽ ദേവീക്ഷേത്രത്തിനു സമീപവും കഴക്കൂട്ടം മേനംകുളം റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു.

കരമന, മ്യൂസിയം, നന്ദാവനം റോഡ് എന്നിവിടങ്ങളിൽ വീണ മരങ്ങൾ പൊലീസ് മുറിച്ചുമാറ്റി. മൺവിള സി.ഇ.ടിക്കു ചുറ്റുമുള്ള റോഡുകളിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. സി.ഇ.ടി കാമ്പസിനകത്ത് പല റോഡുകളിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾ ക്ലാസ് മുറിയിലായിരുന്നു. സി.ഇ.ടിക്കു മുന്നിലെ റോഡിൽ നിന്ന മരം വീണ് കാർ തകർന്നു. വൈദ്യുതി കമ്പി പൊട്ടിയതോടെ സി.ഇ.ടിയിലെ വൈദ്യുതി ബന്ധം വൈകിട്ടുവരെ മുടങ്ങി. യു.പി.എസിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. കാമ്പസിനുള്ളിൽ ലേഡീസ് ഹോസ്റ്റലിന്റെയും മെൻസ് ഹോസ്റ്റലിന് മുന്നിലേയും സിവിൽ ഡിപ്പാർട്ട്‌മെന്റിലെ കാന്റീനു സമീപത്തെയും മരം വീണ് ഗതാഗതം തടസപ്പെട്ടു.

മൺവിള റോഡിൽ നിന്ന് മെൻസ് ഹോസ്റ്റലിലേക്കു പോകുന്ന റോഡിലേക്ക് പൊതുമരാമത്ത് എ.ഇ ഓഫീസ് കോമ്പൗണ്ടിൽ നിന്ന മരമാണ് റോഡിലേക്കു മറിഞ്ഞത്. മെൻസ് ഹോസ്റ്റലിനു പിന്നിൽ പ്രൊഫസേഴ്‌സ് ക്വാർട്ടേഴ്‌സിനു സമീപത്തായി നിന്ന വലിയ മരം രണ്ടായി പിളർന്നു. ഒരുഭാഗം തറയിൽ വീണു. വേറൊരു ഭാഗം വൈദ്യുതി ലൈനിനു മീതെ വീഴാവുന്ന നിലയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ്.