തിരുവനന്തപുരം: ജനിച്ച അന്നുമുതൽ കേൾവി പിണങ്ങി മാറിനിന്നെങ്കിലും പഠിക്കാനുള്ള അപർണയുടെ ആഗ്രഹത്തിന് മുന്നിൽ അത് ഒന്നുമായിരുന്നില്ല. ചുറ്രുമുള്ളതൊന്നും അവൾക്ക് കേൾക്കാനാവില്ല,പറയാനും. പക്ഷേ, ഇന്നലെ എസ്.എസ്.എൽ.സി റിസൾട്ട് വന്നപ്പോൾ അപർണ ബിനു എന്ന പെൺകുട്ടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വേറിട്ട് നിന്നു. ജഗതി ബധിര മൂക വിദ്യാലയത്തിലെ അദ്ധ്യാപകരും സഹപാഠികളും പ്രതീക്ഷിച്ചത് തന്നെയായിരുന്നു അപർണയുടെ വിജയം. നേട്ടത്തിൽ മനം നിറഞ്ഞ മറ്റൊരാളുണ്ട്, അവളുടെ അമ്മ സരിത. ഏക മകൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചതാണ് ആ അമ്മ. കഴക്കൂട്ടം സ്വദേശിയായ സരിത മകളുടെ പഠനത്തിനായി ജഗതിയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.പരീക്ഷ കഴിഞ്ഞ് ഇരുവരും കഴക്കൂട്ടത്തെ വീട്ടിലേക്ക് മടങ്ങി.
വാഹനാപകടത്തെ തുടർന്ന് ഉപജീവനമാർഗമായിരുന്ന ജോലി സരിതയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
സ്വപ്നം സ്വന്തമായൊരു ജോലി
എന്ത് പഠിക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് ചെറുപ്പം മുതലേ അപർണ പറയുന്നൊരു ഉത്തരമുണ്ട്, ജോലി കിട്ടുന്നതുവരെ പഠിക്കും. ജോലി കിട്ടാൻ എത്രവരെ പഠിക്കാനും തയ്യാറാണ്.കേൾക്കാനും സംസാരിക്കാനും സാധിക്കില്ലെങ്കിലും പി.എസ്.സി പരിശീലനവും കമ്പ്യൂട്ടർ പഠനവും അപർണ മുടക്കാറില്ല. പ്ലസ് വണ്ണിന് കമ്പ്യൂട്ടർ സയൻസ് വിഷയമായി തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം. എന്നാൽ ജഗതി ബധിര മൂക വിദ്യാലയത്തിൽ ഹ്യുമാനിറ്റീസ് മാത്രമേയുള്ളൂ.
ഏഴ് കുട്ടികളാണ് ജഗതി ബധിര മൂക വിദ്യാലയത്തിൽ നിന്ന് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.ഇവരിൽ ഏഴ് പേരും വിജയം നേടി.ഒരാൾ ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിലാണ് പഠിച്ചത്.കുട്ടികളുടെ വിജയത്തിൽ നൂറു ശതമാനം സന്തോഷത്തിലാണ് വിദ്യാലയ അധികൃതരും.