rti

മുക്കം: വിവരാവകാശ നിയമ പ്രകാരം മറുപടി നൽകുന്നതിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അലംബാവം കാട്ടുന്നു. ആവശ്യപ്പെടുന്ന രേഖകൾ നൽകാതിരിക്കുകയോ അപൂർണമായി നൽകുകയോ, കിട്ടുന്നവർക്ക് പ്രയാേജനപെടാത്ത വിധം നൽകുകയുമാണ് രീതി. അടുത്തിടെ ജോലിയിൽ നിന്ന് വിരമിച്ച ആരോഗ്യ വകുപ്പിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ പോലും സ്വന്തം വകുപ്പിൽ നിന്ന് ഈ ദുരനുഭവത്തിന് ഇരയായി. ഈ ഉദ്യോഗസ്ഥന്റെ പേരിൽ 2017ൽ ആരംഭിച്ച ഗുരുതര അച്ചടക്ക നടപടി തീർപ്പാക്കാതെ അനിശ്ചിതമായി നീണ്ടപ്പോൾ അദ്ദേഹം 2019 സപ്തംബർ 24ന് അതുമായി ബന്ധപ്പെട്ട രേഖകൾക്ക് അപേക്ഷ നൽകി. രേഖകൾ സർക്കാരിലേക്ക് കൊടുത്തതിനാൽ തരാൻ നിർവാഹമില്ലെന്നായിരുന്നു ഡയറക്ടറുടെ ഓഫീസിന്റെ മറുപടി.

ഇതേ വിഷയത്തിൽ 20 മാസം കഴിഞ്ഞ് 2021 മാർച്ചിൽ വീണ്ടും അപേക്ഷ സമർപ്പിച്ചപ്പോൾ അപേക്ഷ വ്യക്തമല്ലെന്നും ഫയൽ സർക്കാരിലാണെന്നുമുള്ള ആദ്യത്തെ മറുപടി ആവർത്തിച്ചു. വീണ്ടും ഫീസടച്ച് രസീത് സഹിതം അപേക്ഷിച്ചപ്പോൾ ലഭിച്ചത് ഏതാനും പേജുകൾ മാത്രം. കൂടുതൽ വേണമെങ്കിൽ ഓഫീസ് സമയത്ത് വന്ന് കുറിച്ചെടുക്കാവുന്നതാണെന്നുള്ള മറുപടിയും. ഇതിനകം അച്ചടക്ക നടപടി എങ്ങുമെത്താതെ ഹെൽത്ത് ഇൻസ്‌പെക്ടർ ഇക്കഴിഞ്ഞ മെയ് 31ന് സർവീസിൽ നിന്ന് വിരമിച്ചു. പ്രൊവിഷണൽ പെൻഷൻ പോലും ലഭിക്കാതെയാണ് ഉദ്യോഗസ്ഥന്റെ പടിയിറക്കം. അതിന് ശേഷം ഒരു കൂടിക്കാഴ്ചയ്ക്ക് പോലും അവസരം നൽകാതെ ആരോഗ്യ വകുപ്പ് ഡയറക്ടർ ഏകപക്ഷീയമായി ഈ ജീവനക്കാരന്റെ പേരിലുള്ള അച്ചടക്ക നടപടി തീർപ്പാക്കിയെന്നും പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് വൻ തുക ഈടാക്കാൻ തീരുമാനിച്ചെന്നും അറിയിച്ചു.

ഈ മാസം രണ്ടിനാണ് പരാതിയുണ്ടെങ്കിൽ ഫയൽ ചെയ്യണമെന്ന് കാണിച്ചുള്ള നോട്ടീസ് ഈ പെൻഷനർക്ക് ലഭിച്ചത്. പരാതിപ്പെടണമെങ്കിൽ രേഖകൾ വേണം. അതിനായി ഡയറക്ടറേറ്റിലും കോഴിക്കോട് ജില്ല ഓഫീസിലും വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷകൾക്ക് വ്യക്തതയില്ലാത്ത നിലയിലും പേജുകൾ അപൂർണ്ണമായ ഫോട്ടോസ്റ്റാറ്റ് തയ്യാറാക്കിയും മുദ്ര പതിച്ച് സാക്ഷ്യപ്പെടുത്താതെയും പകർപ്പ് നൽകി അപേക്ഷകനെ വട്ടം കറക്കുകയാണ്.ഗത്യന്തരമില്ലാതെ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ല ഓഫീസർക്കും വീണ്ടും പരാതി നൽകി കാത്തിരിക്കുകയാണ് ഈ പെൻഷനർ.