കുരുക്കഴിക്കാൻ പൊലീസ് ആക്ഷൻ പ്ലാൻ
പഴയങ്ങാടി: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ വാഹനങ്ങളുടെ തിരക്ക് കാരണം പഴയങ്ങാടി ടൗൺ വീർപ്പുമുട്ടുകയാണ്. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഒരു വർഷം മുമ്പ് എരിപുരം പൊലീസ് സ്റ്റേഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശത്തും അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ പഴയങ്ങാടി പൊലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മാറ്റിയെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ പിന്നെയും പഴയ പടിയായി. വാഹനങ്ങൾ ഇപ്പോഴും നിർത്തിയിടുന്നത് റോഡിന് ഇരുവശവും തന്നെ. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ഏറോളം വരുന്ന സ്ഥലത്ത് ഏഴോം പഞ്ചായത്ത് പേ പാർക്കിംഗ് സൗകര്യം ഒരുക്കിയെങ്കിലും അനധികൃത പാർക്കിംഗ് തടയുന്നതിന് അതും ഉപകരിച്ചില്ല.റോഡിന്റെ ഇരുവശവും നിർത്തിയിടുന്ന വാഹങ്ങൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് പഴയങ്ങാടി പൊലീസ് പറഞ്ഞുവെങ്കിലും അതും നടപ്പിലായില്ല. നാഷണൽ പെർമിറ്റ് ലോറി, ബുള്ളറ്റ് ടാങ്കർ ലോറികൾ ഉൾപ്പടെ രാപകൽ ഭേദമന്യേ ചീറി പായുന്നു. താവം മേൽപാലം യാഥാർഥ്യമായതോടെ പഴയങ്ങാടി ടൗണിൽ ഏറെ ഗതാഗത കുരുക്കുണ്ടാകുന്നത് തടയാൻ ഇത്തരത്തിലുള്ള ലോറികൾക്ക് ഇതുവഴി നിയന്ത്രണം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലൂടെ തന്നെയാണ് ചെങ്ങൽ റോഡിലേക്കും പെട്രോൾ പമ്പിലേക്കുമുള്ള വഴി. ഇത് ഗതാഗത കുരുക്കിന് വഴിവെക്കുന്നു. റെയിൽവേ അണ്ടർ ബ്രിഡ്ജിൽ ഗതാഗത കുരുക്ക് നിത്യകാഴ്ചയാണ്.
ഗതാഗത കുരുക്ക് മൂലം കാൽനട യാത്രക്കാർക്ക് സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിന് വരെ പ്രയാസം നേരിടുകയാണ്. കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ സി.ഐ രാജഗോപാൽ, എസ്.ഐ. കെ. ഷാജു എന്നിവരുടെ നേതൃത്വത്തിൽ ഏഴോം, മാടായി പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി പ്രതിനിധികൾ, ഓട്ടോ തൊഴിലാളി പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുകയും അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി എടുക്കുവാനും തീരുമാനിച്ചു.
ട്രാഫിക്ക് നിയന്ത്രിച്ച് പൊലീസ്
ഗതാഗത കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള ഗതാഗത നിയന്ത്രണം പഴയങ്ങാടി പൊലീസ് ആരംഭിച്ചു. സി.ഐ. രാജഗോപാലിന്റെയും പ്രിൻസിപ്പൾ എസ്.ഐ. കെ. ഷാജുവിന്റെയും നേതൃത്വത്തിലാണ് പരിഷ്‌കരണ പരിപാടി ആരംഭിച്ചത്. എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ് ഒഴിപ്പിച്ചാണ് പരിഷ്‌കരണ പരിപാടിക്ക് തുടക്കമിട്ടത്. റോഡിന്റെ ഇരുവശമുള്ള വാഹനങ്ങൾ എടുപ്പിക്കുകയും ആളില്ലാത്ത വാഹനങ്ങൾക്ക് മുന്നിൽ സ്റ്റിക്കർ പതിച്ച് ഉടമസ്ഥനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാനുള്ള നിർദേശവുമാണ് നൽകിയത്. അടുത്ത ദിവസം തന്നെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുമെന്നും പൊലീസ് പറഞ്ഞു. റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തായി സ്ഥിരം പൊലീസിനെ നിയമിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഗതാഗത കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് പൊലീസ് കർശന നടപടിയുമായി നീങ്ങുന്നത്.