മാഹി: നാല് വയസുകാരൻ അലോക് കൃഷ്ണയ്ക്ക് നാൽപ്പത് സെക്കന്റ് നേരം വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് കിടക്കാം. ഏറെ നേരം ജലോപരിതലത്തിൽ മലർന്ന് കിടക്കും. വെള്ളത്തിലേക്കെറിഞ്ഞ ഇരുപത് കല്ലുകൾ ഒരുമിച്ച് പെറുക്കിയെടുത്ത് ജലോപരിതലത്തിലേക്ക് പൊങ്ങി വരാനും കഴിയും. വെള്ളത്തിന് മുകളിൽ വട്ടം കറങ്ങി ഒടുവിൽ അടിഭാഗത്തേക്ക് ഊളിയിടുന്ന ഈ ജല മാന്ത്രിക ബാലൻ, അടിഭാഗത്തിലൂടെ ഏറെ ദൂരം നീന്തുകയും ചെയ്യും.
വെള്ളത്തിൽ പൊങ്ങിക്കിടന്നും, കുസൃതി കാട്ടിയും നീന്തൽക്കുളത്തിൽ വിസ്മയം തീർക്കുകയാണ് അലോക് കൃഷ്ണ. വെള്ളത്തിൽ ഏറെനേരം മുങ്ങി നിൽക്കാനുള്ള കഴിവിനോടൊപ്പം, ജലജീവികളെ പോലെ നീന്തലിലെ വിവിധ രീതികൾ പുറത്തെടുത്ത് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യും. കോറോത്ത് റോഡ് ക്ഷേത്രത്തിന് സമീപത്തെ ഗുരുക്കൾ പറമ്പത്ത് രമിഷയുടെ മകനാണ്. മാഹി പാറക്കൽ ഗവ. പ്രീ പ്രൈമറി സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിയായ അലോക് കൃഷ്ണ രണ്ടര വയസിൽ തുടങ്ങിയതാണ് വെള്ളത്തോടുള്ള അഭിനിവേശം.
കുടുംബത്തോടൊപ്പം രണ്ട് വർഷം മുമ്പ് വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിലെത്തിയ അലോക് സ്വിമ്മിംഗ് പൂളിൽ നിന്നും ഏറെ നേരം കഴിഞ്ഞിട്ടും കരകയറാൻ തയ്യാറായില്ല. മൂക്ക് പിടിച്ച് വെള്ളത്തിൽ താഴ്ത്തിവെച്ചിട്ടും, കുട്ടി പേടി കാണിക്കാത്തത് രക്ഷിതാക്കളെ അത്ഭുതപ്പെടുത്തി. കുട്ടിയുടെ അഭിരുചിയറിഞ്ഞ് ഒരു നാൾ കുട്ടിയേയും കൂട്ടി ഒരു കുളത്തിലെത്തി. തോർത്ത് പിടിച്ച് നീന്തൽ പരിശീലിപ്പിക്കാൻ തുടങ്ങി. അഞ്ചാം നാൾ തോർത്തിന്റെ സഹായമില്ലാതെ തന്നെ തനിച്ച് നീന്താൻ തുടങ്ങി. വീട്ടിനടുത്ത് പറ്റിയ കുളങ്ങളില്ലാത്തതിനാൽ, വീട്ടിൽ തന്നെ അലോകിനായി അമ്മാവൻ രമിത്ത് ഒരു കുളം പടവുകൾ കെട്ടി നിർമ്മിച്ചു നൽകുകയായിരുന്നു. അതോടെ നീന്തൽക്കുളത്തിൽ മത്സ്യം പോലെ ഈ കുട്ടി അനായാസേന പലതരത്തിലും നീന്താൻ തുടങ്ങി. ആരുടേയും പരിശീലനമില്ലാതെ തന്നെ കുട്ടി ജലാശയത്തിൽ നീന്തി. അമ്മമ്മ രത്നയുടെ കണ്ണുകൾ കുട്ടിക്ക് കാവലായി. നീന്തലിന് പുറമെ, ചെണ്ടവാദ്യം, തബലവാദനം എന്നിവയിലും അഭിരുചി കാട്ടുന്നുണ്ട്.