നായകൻ മുഹമ്മദ് മുഹസിൻ എം.എൽ.എ
മുഹമ്മദ് മുഹസിൻ എം.എൽ.എയെ നായകനാക്കി യു ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്നു നിർമ്മിച്ചു അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന തീ റിലീസിന് ഒരുങ്ങുന്നു. അസാധാരണമായ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.പുതുമുഖം സാഗരയാണ് നായിക. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത വസന്തത്തിന്റെ കനൽ വഴികളിൽ നായകനായി അഭിനയിച്ച ഋതേഷ് പ്രതിനായകനായി എത്തുന്നു. വേറിട്ട ഗെറ്റപ്പിൽ ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ. ബൈജു, പയ്യൻസ് ജയകുമാർ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ എന്നിവരാണ് പ്രധാന താരങ്ങൾ. കെ. സോമപ്രസാദ് എം.പി, മുൻ എം.പി കെ. സുരേഷ്കുറുപ്പ്, സി.ആർ. മഹേഷ് എം.എൽ.എ, ആർട്ടിസ്റ്റ് സുജാതൻ, പിന്നണി ഗായകൻ ഉണ്ണിമേനോൻ, ജീവകാരുണ്യപ്രവർത്തകൻ നാസർ മാനു തുടങ്ങിയവരും താരനിരയിലുണ്ട്. കവിയരശ് ഛായാഗ്രഹണം നിർവഹിക്കുന്നു. അനിൽ വി. നാഗേന്ദ്രന്റേതാണ് ഗാനങ്ങൾ.രജു ജോസഫ്, അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി. നാഗേന്ദ്രൻ എന്നിവർ ഈണമിട്ടതാണ് ഗാനങ്ങൾ. അഞ്ചൽ ഉദയകുമാർ പശ്ചാത്തല സംഗീതം ഒരുക്കുന്നു.