rr
ഈ മാസം 5ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: അരികടത്തിലും ഉപയോഗയോഗ്യമല്ലാത്ത അരി റേഷൻ കടകളിൽ എത്തിക്കുന്ന സംഭവത്തിലും അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരം സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണിയെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. കോട്ടയത്തെ ഡി.എസ്.ഒ സി.എസ് ഉണ്ണിക്കൃഷ്ണകുമാറിനെ പകരം ഇവിടെ നിയമിച്ചു. അതേസമയം ജലജ റാണിക്കെതിരെ അന്വേഷണ റിപ്പോർട്ടുകളൊന്നും ഇല്ലെന്നും മൂന്നു വർഷം കൂടുമ്പോഴുള്ള സ്ഥലംമാറ്റമാണിതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

സിവിൽ സപ്ലൈസിന്റേതുൾപ്പെടെ ഗോഡൗണുകളിൽ നിന്ന്‌ പ്രതിമാസം ടൺ കണക്കി​ന് റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായി ഭക്ഷ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. റേഷൻ അരി സ്വകാര്യ ഗോ‌ഡൗണുകളിലേക്ക് കടത്തിയ ശേഷം ഭക്ഷ്യസുരക്ഷ ഗോഡൗണുകളിലെ ഉപയോഗശൂന്യമായ അരി ചാക്കുകളിൽ നിറച്ച് കുത്തിക്കെട്ടി റേഷൻ കടകളിൽ എത്തിക്കുന്നതായും സൂചന ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് വിഭാഗം വലിയതുറ ഗോഡൗണിലെ അഞ്ച് ലോഡ് അരി പരിശോധിച്ചപ്പോൾ 100 ചാക്കോളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി.

വലിയതുറ ഗോഡൗൺ സന്ദർശിച്ച മന്ത്രി ജി.ആർ. അനിൽ കുത്തിക്കെട്ടി വച്ചിരുന്ന ചാക്കുകൾ മാറ്റിവയ്‌ക്കാൻ നിർദ്ദേശിച്ചെങ്കിലും അവ ഇപ്പോഴും എത്തുന്നുണ്ടെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം കേരളകൗമുദി നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. അരികടത്തിൽ ഡി.എസ്.ഒ ഉൾപ്പെടെ ഒരു ഉദ്യോഗസ്ഥനെതിരെയും പുതിയതായി അന്വേഷണം നടത്തുന്ന സംഘം റിപ്പോർട്ട് നൽകിയിട്ടില്ലെങ്കിലും യഥാർത്ഥ വില്ലന്മാരെ കണ്ടെത്താനാണ് മന്ത്രിയുടെ നിർദ്ദേശം.

നേരത്തെ പൊലീസ് നടത്തിയ പരിശോധനകളിൽ സ്വകാര്യഗോഡൗണുകളിൽ നിന്ന് റേഷൻ അരി കണ്ടെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സ്വകാര്യ ഗോഡൗണുകാരെ രക്ഷിക്കുന്നത് ചില ഉദ്യോഗസ്ഥരാണ്. പൊലീസ് പിടികൂടിയത് റേഷൻ അരി അല്ലെന്നായിരിക്കും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്.