കല്ലറ: ഓൺലൈൻ പഠനത്തിന് ഫോണിനായി സഹകരണ സംഘങ്ങളിലേക്കും ബാങ്കിലേക്കും ആളുകളുടെ കുത്തൊഴുക്കായതോടെ പെട്ടിരിക്കുകയാണ് അധികൃതർ.

പഠനാവശ്യത്തിന് സ്മാർട്ട്‌ ഫോൺ ലഭ്യമല്ലാത്ത കുട്ടികൾക്ക് ഫോൺ വാങ്ങാൻ സഹകരണ വകുപ്പ് നടപ്പാക്കിയ 'വിദ്യാതരംഗിണി ' വായ്പ പദ്ധതിയിൽ ആള് കൂടിയതോടെയാണ് അധികൃതർ പെട്ടത്.

ചില സ്ഥാപനങ്ങൾ വായ്പ മനപ്പൂർവം അനുവദിക്കുന്നില്ലെന്നും ബാങ്ക് ഭരിക്കുന്ന പാർട്ടിയിൽ ഉള്ളവർക്കും മാത്രമാണ് മൊബൈൽ നൽകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മൊറട്ടോറിയം നിലനിൽക്കുകയും വരവിൽ കവിഞ്ഞ് ചെലവ് നേരിടുകയും ചെയ്യുന്ന സന്ദർഭത്തിൽ കൂടുതൽ വായ്പ അനുവദിക്കുന്നത് സ്ഥാപനങ്ങളെ കടത്തിലേക്ക് തള്ളിവിടും എന്ന നിലപാടിലാണ് ബാങ്ക് അധികൃതർ.

വായ്പാ പലിശ രഹിതമായതിനാൽ കുട്ടികളുടെ പഠനത്തിന്റെ മറവിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ ഉണ്ടെന്ന് അധികൃതർ പറയുന്നു. സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം മാത്രമാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. 24 മാസത്തെ തുല്യ ഗഡുക്കളായി അടയ്ക്കാൻ സാവകാശവും ഉണ്ട്. ഫോൺ വാങ്ങി എന്ന് തെളിയിക്കുന്ന ബില്ലിന്റെ പകർപ്പ് ഹാജരാക്കാനും ബുദ്ധിമുട്ടില്ല.

 വിദ്യാതരംഗിണി വായ്പ പദ്ധതി

10000 രൂപ പലിശ രഹിത വായ്പയായി സഹകരണ ബാങ്കുകൾ വഴിയോ സംഘങ്ങൾ വഴിയോ നൽകുന്നതാണ് പദ്ധതി. പരമാവധി 50 പേർക്കാണ് ഒരു സ്ഥാപനത്തിൽ നിന്ന് വായ്പ നൽകാനാവുന്നത്. പക്ഷേ ഓരോ സഹകരണ സ്ഥാപനത്തിലും 500 ലേറെ പേരാണ് അപേക്ഷയുമായി എത്തിയത്. ഒരു സഹകരണ സ്ഥാപനത്തിന് 5 ലക്ഷം രൂപയാണ് ഈ ഇനത്തിൽ വായ്പ നൽകാനാവുന്നത്. അപേക്ഷകർ ഏറിയതോടെ വായ്പ പാസാക്കാൻ ആവാതെ കുഴയുകയാണ് പല സ്ഥാപനങ്ങളും.

വിദ്യാർത്ഥികളെ പദ്ധതിയിലേക്ക് അപേക്ഷ നിരസിച്ചതായി പരാതിയുള്ളവർക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാറെ സമീപിക്കാവുന്നതാണ്. അതുവഴി അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കും.

ജില്ലയിലെ നിർദ്ധനരായ ഭൂരിഭാഗം വിദ്യാർഥികൾക്കും വിവിധ മൊബൈൽ ചലഞ്ചുകൾ വഴിയും അദ്ധ്യാപകർ മുഖേനയും സ്മാർട്ട് ഫോണുകൾ ലഭ്യമായിട്ടുണ്ട്. സ്കൂളുകൾ വഴി കുട്ടികൾക്ക് നൽകുന്ന ഫോണുകൾ ലൈബ്രറി ക്രമീകരണം പോലെ സൂക്ഷിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഒരു കുട്ടിക്ക് നൽകുന്ന ഫോൺ അദ്ധ്യായനവർഷം അവസാനം സ്കൂളിൽ തിരികെ ഏൽപ്പിക്കണം. ഇതേ വിദ്യാർത്ഥി അതേ സ്കൂളിൽ പഠനം തുടരുന്ന മുറയ്ക്ക് അടുത്തവർഷം ഫോൺ വീണ്ടും കൈകളിലെത്തും. കൊവിഡ് വ്യാപനമോ മറ്റു പ്രതിസന്ധികളും നേരിട്ടാൽ ഭാവിയിലും ഫോൺ ലഭ്യത ഉറപ്പുവരുത്താനാണിത്.

ഈ മാസം 31 ആണ് അപേക്ഷയുടെ അവസാന തീയതി.

സഹകരണ നിയമ പ്രകാരം 'എ' മെമ്പർ ഷിപ്പ് ഉള്ളവർക്ക് മാത്രമേ വായ്പയ്ക്ക് അപേക്ഷിക്കാൻ പറ്റൂ.