ചെറുവത്തൂർ: കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ച് സഹകരണ മേഖലയെ തകർക്കാൻ നീക്കം നടത്തുന്നതിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിമിരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് ഉദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രയാസത്തിൽ കൂടെനിന്ന് സഹകരണ മേഖല കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. പ്രളയക്കെടുതി നേരിട്ടപ്പോഴും കൊവിഡ് മഹാമാരിയിലും ആശ്വസിപ്പിക്കാൻ രംഗത്തുവന്നത് സഹകരണ മേഖലയാണ്.
സഹകരണ സംരംഭങ്ങൾ കേരളത്തിന്റെ സ്വത്താണ്. അതിന്മേലുള്ള കടന്നുകയറ്റം ഫെഡറൽ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും മന്ത്രി വാസവൻ പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന രാത്രികാല കൗണ്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും വിദ്യാതരംഗിണി വായ്പാ പദ്ധതി കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലനും ഉദ്‌ഘാടനം ചെയ്തു. സ്‌ട്രോംഗ് റൂം ഉദ്‌ഘാടനവും സൂപ്പർ ഗ്രെഡ് പ്രഖ്യാപനവും കാസർകോട് സഹകരണ ജോയിന്റ് രജിസ്ട്രാർ എ. രമയും ലോഗോ പ്രകാശനം അസി. രജിസ്ട്രാർ കെ. രാജഗോപാലനും നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. യശോദ, മിൽമ ഡയറക്ടർ കെ. സുധാകരൻ, കൊടക്കാട് ബാങ്ക് പ്രസിഡന്റ് സി.വി. നാരായണൻ, യൂണിറ്റ് ഇൻസ്‌പെക്ടർ എ.കെ. സന്തോഷ്, ഓഡിറ്റർ ജോർജ് ജോസഫ്, മുൻ പ്രസിഡന്റുമാരായ എം. അമ്പൂഞ്ഞി, പി. കമലാക്ഷൻ, കെ.സി.ഇ.യു ഏരിയ സെക്രട്ടറി ടി.കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. തിമിരി ബാങ്ക് പ്രസിഡന്റ് വി. രാഘവൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ദാമോദരൻ നന്ദിയും പറഞ്ഞു.