kuzhikal

പാറശാല: കരമന - കളിയിക്കാവിള ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അപടങ്ങൾക്ക് വഴിയൊരുക്കുന്നു. അപകടങ്ങൾ പതിവാകുന്നതും ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കാത്തതും കാരണം നാട്ടുകാർ പ്രതിഷേധത്തിലാണ്. ദേശീയപാതയിൽ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള 15 കിലോമീറ്റർ ഭാഗത്താണ് അപടങ്ങൾ പതിവാകുന്നത്. ടാറിളകി രൂപപ്പെട്ടിട്ടുള്ള കുഴികൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാണ്. കുഴികളിൽ വീഴുന്ന ഇരുചക്രവാഹനങ്ങൾ അപടകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിലെ കുഴികൾ അടയ്ക്കാതെ കുഴികൾക്ക് ചുറ്റും വരയിട്ടശേഷം റിഫളക്ടർ പതിച്ചിരിക്കുന്ന നടപടി അപഹാസ്യമെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് പാറശാല പോസ്റ്റ് ഓഫീസിന് സമീപം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. കൂടാതെ മാസങ്ങൾക്ക് മുൻപ് ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന യു.ടി.ഐയുടെ പ്രിൻസിപ്പലും ഇതേ രീതിയിൽ അപടത്തിൽ മരിച്ചിരുന്നു. പരാതിയുമായും പ്രതിഷേധവുമായുമെത്തുന്നവരോട് റോഡിന്റെ അറ്രകുറ്റപ്പണികൾക്കായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റോഡിൽ പെയിന്റുപയോഗിച്ച് വരിയിട്ടശേഷം റിഫ്ളക്ടറുകൾ പതിക്കുന്ന തുക റോഡിന്റെ അറ്രകുറ്റപ്പണികൾക്ക് മതിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപട്ടികയിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊന്നും നടന്നിട്ടില്ല.

 തെരുവ് വിളക്കുകളും

വേണ്ടത്ര തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് അപടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. മഴയത്ത് ഈ റോഡിലൂടെയുള്ള യാത്രയും അപകടമാണ്. ദേശീയപാത നാലുവരിപ്പാതയാക്കുന്ന പദ്ധതിയുടെ കാലതാമസമാണ് റോഡ് ടാർ ചെയ്യുന്നതിനും കുഴികൾ അടക്കുന്നതിനും തടസമാകുന്നത് എന്നും വാദങ്ങളുണ്ട്. അങ്ങനെയാണെങ്കിൽ വർഷങ്ങളോളം റോഡ് നിലവിലെ സ്ഥിതിയിൽ തന്നെ തുടരുമെന്ന് പ്രദേശവാസികൾ പറയുന്നു.

 പ്രതികരണം: ദേശീയപാതയിലെ അപകടക്കുഴികൾ എല്ലാംതന്നെ അടിയന്തരമായി അടച്ച് റോഡ് അപകടരഹിതമാകാൻ അധികാരികൾ തയ്യാറാകണം.

ടി.കെ.അനിൽകുമാർ,

സിറ്റിസൺസ് ഫോറം, പാറശാല

 ഫോട്ടോ: ദേശീയപാതയിൽ അപടങ്ങൾക്ക് കാരണമാകുന്ന കുഴികൾ