തിരുവനന്തപുരം: വനിതാ ശിശുക്ഷേമ സമിതിയുടെയും തിരുവനന്തപുരം നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലെ അന്തേവാസിയായ മഹാരാഷ്ട്രക്കാരി സംഗീത ഇനി വെട്ടുകാടിന്റെ മരുമകൾ. വെട്ടുകാട് സ്വദേശി ഗ്രെയ്‌സണാണ് സംഗീതയെ ജീവിതസഖിയാക്കിയത്. മേയർ ആര്യ രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെയായിരുന്നു വിവാഹം.
സംഗീതയുടെ ആദ്യ വിവാഹത്തിൽ ജനിച്ച കുട്ടിക്ക് കാഴ്‌ചയില്ലാതിരുന്നതിനാൽ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞുമായി വീടുവിട്ട സംഗീത ഇവിടെ എത്തിയതോടെ പൂജപ്പുര മഹിളാ മന്ദിരമായി വീട്. കുട്ടിയെ ഒപ്പം താമസിപ്പിക്കാൻ പറ്റാത്തതിനാൽ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. സംഗീതയുടെ ജീവിതകഥ മുഴുവൻ അറിഞ്ഞാണ് ഗ്രെയ്‌സൺ എത്തിയത്. കുട്ടിയെയും ഒപ്പം കൂട്ടാൻ തയ്യാറായി. എന്നാൽ കുട്ടിയുടെ ശസ്‌ത്രക്രിയയ്ക്ക് ശേഷം ഒപ്പം കൂട്ടാമെന്ന് അധികൃതർ പറഞ്ഞു. മഹിളാ മന്ദിരത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വനിതാ ശിശുവികസന വകുപ്പ് ഒരുലക്ഷം രൂപ സംഗീതയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സുമനസുകൾ വസ്‌ത്രങ്ങളും ആഭരണങ്ങളും നൽകി. മന്ത്രി വീണാ ജോർജ്, വനിതാ ശിശുവികസന ഡയറക്ടർ അനുപമ, ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് സമിതി ചെയർപേഴ്‌സൺ സലിം, ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീന ബീഗം, മഹിളാ മന്ദിരം സൂപ്രണ്ട് കെ. റംലാബി എന്നിവർ ആശംസ നേരാനെത്തി.