തിരുവനന്തപുരം: പേട്ടയിൽ സായാഹ്ന സവാരിക്കെതിരെ ഏജീസ്ഓഫീസ് ജീവനക്കാരേയും അവരുടെ കുടുംബത്തേയും ആക്രമിച്ച കേസിൽ അക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി ഇന്നലെ കോടതി രേഖപ്പെടുത്തി. ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് അശ്വതി നായരാണ് യുവതിയുടെ രഹസ്യമൊഴി എടുത്തത്. പേട്ട അമ്പലത്തുമുക്കിൽ ഭാര്യയും മക്കളുമൊത്ത് നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവിയാദവ്, ഡി.ടി.പി ഓപറേറ്ററും ഉത്തർപ്രദേശ് സ്വദേശിയുമായ ജഗത് സിംഗ് എന്നിവർക്കും അവരുടെ ഭാര്യമാർക്കും നേരെയാണ് അക്രമം നടന്നത്. സംഭവത്തിൽ വഞ്ചിയൂർ സ്വദേശി രാകേഷ്, കണ്ണൻമൂല സ്വദേശി പ്രവീൺ എന്നിവരെയും ഇവരെ സഹായിച്ച പഴക്കുറ്റി സ്വദേശി അഭിജിത് നായർ, പട്ടം സ്വദേശി ഷിജു എന്നിവരുമുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.