കുറ്റിച്ചൽ: അർദ്ധരാത്രിയിൽ ബൈക്കുകളിലെത്തിയ സാമൂഹ്യവിരുദ്ധർ വീട് അടിച്ചു തകർത്തു. കുറ്റിച്ചൽ നാരകത്തിന്മൂട് പള്ളി വിളാകത്ത് ബദറുദീന്റെ വീട്ടിലാണ് സംഭവം. മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ ബദറുദീനും ഭാര്യയും മകനും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു.

ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന ബദറുദീൻ പ്രദേശത്ത് അപരിചിതർ ബൈക്കുകളിൽ സ്ഥിരമായി എത്തുന്നതിനെ വിലക്കിയിരുന്നു. ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീടിന്റെ ചുറ്റുമുള്ള വാതിലുകളും ജനൽച്ചില്ലുകളും അടിച്ചുതകർക്കുകയും വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു.

ആക്രമണം തടയാൻ ശ്രമിച്ച ബദറുദീനെ സംഘം വെട്ടിപ്പരിക്കേല്പിച്ചു. നിലവിളിയും ബഹളവും കേട്ട് പ്രദേശവാസികളെത്തിയതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്ക് പരിക്കേറ്റ ബദറുദീൻ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ഇന്നലെ നെയ്യാർ ഡാം സ്റ്റേഷനിൽ മൊഴി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.