തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ തടഞ്ഞ കടയ്ക്കാവൂർ സ്വദേശി ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ഈ മാസം 19ന് കോടതി ശിക്ഷ വിധിക്കും. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുടവൂർകോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെ അയൽക്കാരനും ക്രിമിനൽ കേസിൽ പ്രതിയുമായ മണികണ്ഠനാണ് കുത്തിക്കൊലപ്പെടുത്തിയത്. 2016ഡിസംബർ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം. വിധവയായ ശാരദയുടെ വീട്ടിൽ അയൽക്കാരനായ മണികണ്ഠൻ അതിക്രമിച്ച് കടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു. നിലവിളിച്ച ശാരദയെ പ്രതി കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. കടയ്ക്കാവൂർ സി.ഐയായിരുന്ന ജി.ബി. മുകേഷാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.