leonardo-da-vinci-

മൊണാലിസ എന്ന ലോകപ്രശസ്ത ചിത്രം അറിയാത്തവരായി ആരുമില്ല. മൊണാലിസ, ദ ലാസ്റ്റ് സപ്പർ തുടങ്ങിയ വിഖ്യാത രചനകളിലൂടെ ഏവർക്കും സുപരിചിതനായ ചിത്രകാരനാണ് ലിയനാർഡോ ഡാവിഞ്ചി. ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിന്റെ മുഖമായി മാറിയ അഞ്ച് നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഡാവിഞ്ചിയുടെ ' ബന്ധുക്കൾ " എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന ഏതാനും പേർ ഇന്നും ഇറ്റലിയിലുണ്ടെന്ന കണ്ടെത്തൽ പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ.

ഹ്യൂമൻ എവല്യൂഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച വിശാലമായ പുതിയ പഠന റിപ്പോർട്ടിലാണ് എക്കാലത്തെയും മഹാനായ കലാകാരൻമാരിൽ ഒരാളായ ഡാവിഞ്ചിയുടെ കുടുംബവേരുകളെ സംബന്ധിച്ച തെളിവുകൾ വിവരിക്കുന്നത്. ഇപ്പോഴും ഡാവിഞ്ചിയുടേതായി 14 ബന്ധുക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതിൽ ചിലർ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചി പട്ടണത്തിൽ തന്നെയാണ് ജീവിക്കുന്നത്.

വളരെ സങ്കീർണമായ ജനിതക പഠനങ്ങളിലൂടെ 690 വർഷങ്ങൾക്ക് അപ്പുറം മുതലുള്ള ഡാവിഞ്ചിയുടെ കുടുംബത്തിൽപ്പെട്ടവരുടെ നിർണായക വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പുതിയ കണ്ടെത്തൽ സ്ഥിരീകരിക്കുന്നത്.

ശില്പി, ചിത്രകാരൻ, ശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായ ഡാവിഞ്ചി 1452 മുതൽ 1519 വരെയാണ് ജീവിച്ചിരുന്നത്. പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന 14 പേരിൽ 1 മുതൽ 85 വരെ പ്രായമുള്ളവർ ഉൾപ്പെടുന്നു. വിഞ്ചി പട്ടണത്തിന് പുറമേ സമീപ പ്രദേശങ്ങളായ വെർസിലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുമാണ് ഇവർ ജീവിക്കുന്നത്. ക്ലാർക്ക്, സർവേയർ, കൈത്തൊഴിലുകാർ തുടങ്ങിയ സാധാരണ ജോലികൾ ചെയ്യുന്നവരാണ് ഇവരെന്ന് ഗവേഷകനായ അലസാണ്ട്രോ വെസോസി പറഞ്ഞു.

വെസോസി ഉൾപ്പെടെയുള്ള ഗവേഷക സംഘത്തിന്റെ പത്ത് വർഷത്തോളം നീണ്ട കഠിന ശ്രമങ്ങളുടെ ഫലമാണ് ഡാവിഞ്ചിയെ സംബന്ധിക്കുന്ന ഈ നിർണായക വിവരങ്ങൾ. ഡാവിഞ്ചിയുടെ വംശാവലിയെ പറ്റി നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമല്ല, മുൻകാല ഗവേഷണങ്ങളിലെ തെറ്റുകൾ ഈ പഠനത്തിലൂടെ തിരുത്താനും സാധിച്ചു. അവിവാഹിതനായിരുന്ന ഡാവിഞ്ചിയുടെ അർദ്ധസഹോദരങ്ങളുടെ മക്കളുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.