photo

പാലോട്: നന്ദിയോട് ചെറ്റച്ചൽ റോഡ് നവീകരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ചെറ്റച്ചൽ പാലം കൂടി പുനർനിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. വിതുര - പാലോട് പ്രധാന പാതയിലെ പൊട്ടൻചിറയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം സ്ഥിതിചെയ്യുന്നത്. പുളിച്ചാമലയിൽ തുടങ്ങി വാമനപുരം ആറ്റിൽ ചേരുന്ന തോടിന് കുറുകെയുള്ള പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാര്യമായ അറ്റകുറ്റപ്പണികൾ നാളിതുവരെ ചെയ്യാത്ത പാലം നിരവധി വെള്ളപ്പൊക്കങ്ങളെ അതിജീവിച്ചിട്ടുണ്ട്. പൊൻമുടിയിലേക്കുള്ള യാത്രാ സൗകര്യത്തിനാണ് ഈ പാലം ബ്രിട്ടീഷുകാർ നിർമ്മിച്ചത്. കാട്ടുവഴികളിലൂടെ കുതിര സവാരിക്കായി പണിത ചെറിയ പാലം പിന്നീട് സർക്കാരുകൾ വീതി കൂട്ടി പുനർനിർമ്മിച്ചു.

പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. റോഡിൽ മാത്രം അല്ലറചില്ലറ മിനുക്കുപണികൾ നടക്കാറുണ്ട്. നിലവിൽ പാലത്തിന്റെ കൈവരികൾക്ക് ബലക്ഷയമുണ്ട്. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്താണ്. 1991 - 92 കാലഘട്ടത്തിലെ ഉരുൾപൊട്ടലിൽ പാലവും വെള്ളപൊക്കത്തിൽ മുങ്ങിയിരുന്നു. പിന്നീടു വന്ന ചെറിയ വെള്ളപൊക്കങ്ങളിലും പാലം കടന്നാണ് വെള്ളം ഒഴുകുന്നത്. ഇത് പാലത്തിന്റെ ഉറപ്പിനെ ബാധിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി.

9.68 കോടി ചെലവിട്ട് റോഡ് നവീകരണം നടക്കുന്ന ഈ ഘട്ടത്തിൽ ഈ പാലം കൂടി പൊളിച്ചുപണിയണമെന്നും കൂടാതെ ഓടയുൾപ്പെടെ 14 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് പാലത്തിന്റെ വലിപ്പം പര്യാപ്തമാകില്ല എന്ന അഭിപ്രായവും നാട്ടുകാർക്കുണ്ട്.