തിരുവനന്തപുരം: അനധികൃതമായ ഐ.ഡി.ടി ട്രാൻസ്ഫർ നിറുത്തുക, ബൈ ട്രാൻസ്ഫർ പ്രൊമോഷൻ അനുപാതത്തിൽ കൃത്യത പാലിക്കുക, എൻ.സി.എ നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. വിവിധ ജില്ലകളിൽ എൽ.പി, യു.പി, എച്ച്.എസ്.എ റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം നടത്തുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ള ശനി, ഞായർ ദിവസങ്ങൾ ഒഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. റാങ്ക് ലിസ്റ്റുകളിലായി 1200 പേരാണുള്ളത്. 2018ൽ നിലവിൽവന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടിയെങ്കിലും കൊവിഡ് മൂലം സ്‌കൂളുകൾ തുറക്കാത്തതിനാൽ ഫലമുണ്ടായില്ല. ഇക്കാരണത്താലാണ് സമരവുമായി എത്തിയതെന്ന് നേതാക്കൾ അറിയിച്ചു. അനിശ്ചിതകാല സമരത്തിന് പിന്നാലെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സത്യഗ്രഹം മണിയടിക്കൽ, പഠിപ്പിക്കൽ സമരം തുടങ്ങിയവയിലേക്ക് മാറ്റുമെന്നും നേതാക്കൾ അറിയിച്ചു. കൺവീനർ അനീഷ്, സെക്രട്ടറി ഗീരിഷ്, ട്രഷറർ സിലി, ദീപാ, ഡോളി തുടങ്ങിയവർ ആദ്യ ദിനം പങ്കെടുത്തു.