തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ ഇരട്ടി മധുരത്തിന്റെ തിളക്കം. എസ്.എസ്.എൽ.സിക്ക് രണ്ട് പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ്. അശ്വതിതിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ മകനായ അവിട്ടം തിരുനാൾ ആദിത്യ വർമ്മയുടേയും രശ്മി വർമ്മയുടേയും ഇരട്ട കുട്ടികളായ ഗൗരി വർമ്മയും പ്രഭാ വർമ്മയുമാണ് ഈ മിടുക്കികൾ. അതിന്റെ സന്തോഷത്തിലാണ് കൊട്ടാരം.
നിർമ്മല ഭവൻ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ. കേന്ദ്ര സിലബസുകൾ ഒഴിവാക്കി കേരള സിലബസിൽതന്നെ മക്കളെ പഠിപ്പിക്കുവാൻ മുൻകൈയെടുത്തത് രക്ഷിതാക്കളായിരുന്നു. അതുകൊണ്ട് കുട്ടികൾക്ക് ആത്മവിശ്വാസത്തോടെയും സമ്മർദ്ദമില്ലാതെയും പഠിക്കാൻ സാധിച്ചെന്ന് ആദിത്യ വർമ്മ പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ പഠനമായിരുന്നെങ്കിലും സ്‌കൂളിൽ നിന്ന് കുട്ടികൾക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിർമ്മല ഭവനിൽ തന്നെ ബയോമാക്സിന് തുടർപഠനത്തിന് ചേരാനാണ് കുട്ടികളുടെ ആഗ്രഹം.