kovalam

കോവളം: തുറമുഖങ്ങളെ ബന്ധിപ്പിച്ച് കോസ്റ്റൽ ഹൈവേ രൂപീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണവും ചരക്കുകളുടെ ട്രാൻസ്‌പോർട്ടേഷൻ ചെലവും കുറയ്ക്കാനാകും.ഇതിലൂടെ സാധനങ്ങളുടെ വില വർദ്ധിക്കുന്നതും ഒരു പരിധിവരെ ഒിഴിവാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം ക്രൂ ചെയ്ഞ്ചിംഗ് സെന്ററിന്റെ ഒന്നാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്രൂചെയ്ഞ്ചിംഗ് സെന്ററിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും. തദ്ദേശീയരായ ജനങ്ങളുടെ വികസനവും,​ താത്പര്യങ്ങളും പിരഗണിച്ചായിരിക്കും വികസനപ്രവർത്തനങ്ങൾ നടത്തുകയെന്നും ജല ഗതാഗതത്തിൽ കേരളത്തിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. പി.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ റിപ്പോർട്ട് അവതരിപ്പിച്ചു. എഫ്.ആർ.ആർ.ഒ അരവിന്ദ് മേനോൻ ഐ.പി.എസ്, മാരിടൈം ബോർഡംഗങ്ങളായ അഡ്വ. മണിലാൽ,​ അഡ്വ. എൻ.പി. ഷിബു, എൻ.ബി. രാജ്മോഹൻ ,നഗരസഭാ കൗൺസിലർമാരായ നിസാമുദ്ദീൻ, പനിയടിമ,​ കാനൂ ഷിപ്പിംഗ് ഏജൻസി വൈസ് പ്രസിഡന്റ് അമരേഷ് ഷാ, സ്റ്റീമർ ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.ബി. രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു. വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി കപ്പൽ എത്തിച്ച വില്യം ഡിക്രൂസ്, വിവിധ ഷിപ്പിംഗ് ഏജൻസി പ്രതിനിധികൾ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി മന്ത്രി ആദരിച്ചു.