തിരുവനന്തപുരം: രണ്ടുലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾക്കാവശ്യമായ 25 കെ.വി സോളാർ സ്റ്റേഷൻ പൂർത്തിയായതോടെ വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്‌തമായി തോന്നയ്ക്കൽ സായിഗ്രാമം. എസ്.ബി.ഐയുടെ സഹകരണത്തോടെയാണ് സൗരോർജ്ജ പദ്ധതി പൂർത്തിയാക്കിയത്.
വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കുന്നതോടെ ഗാന്ധിജിവിഭാവനംചെയ്ത ഗ്രാമസ്വരാജ് എന്ന ആശയം പൂർണമായും പ്രാവർത്തികമാക്കി നാടിനാകെ മാതൃകയാകുകയാണ് സായിഗ്രാമം. സായിഗ്രാമത്തിന്റെ ആവശ്യത്തിനുള്ള മറ്റുവിഭവങ്ങളും ഇവിടെ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അന്തേവാസികൾക്കും വിരുന്നുകാർക്കുമുള്ള ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളും കൃഷിചെയ്യുന്നു. സമീപത്തെ വയലുകളിൽ കൃഷിനടത്തുന്നതുകൂടാതെ സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 10 ഏക്കർ വയൽ പാട്ടത്തിനെടുത്തുമാണ് കൃഷി. 4500 ചതുരശ്രയടിയിലുള്ള ഹൈടെക് ഫാമിലും സായിഗ്രാമത്തിലെ ഭൂമിയിലുമായി പച്ചക്കറികളും പഴവർഗങ്ങളും വിളയുന്നു. കിണറും കുളവുമാണ് ജലസ്രോതസ്. രണ്ടുലക്ഷം ലിറ്റർ മഴവെള്ള സംഭരണിയും. 50,000 ലിറ്റർ ജലം ശുദ്ധീകരിക്കാനുള്ള സംവിധാനവും 15,000 ലിറ്റർ മലിനജല ശുദ്ധീകരണ പ്ലാന്റും ഇവിടെയുണ്ട്.
ഗോശാലയിലെ പശുക്കളിൽ നിന്ന് ലഭിക്കുന്ന പാലും പാലുത്പന്നങ്ങളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുവരെ നാലു കോടിയിലധികം ആളുകൾക്കു ഭക്ഷണം വിളമ്പിയ സായിനാരായണാലയത്തിൽ വിറകും ബയോഗ്യാസും മാത്രമാണ് പാചകത്തിനുപയോഗിക്കുന്നത്. ഒമ്പത് ക്ഷേത്രങ്ങളുണ്ടെങ്കിലും വഴിപാടുകളോ ഭണ്ഡാരങ്ങളോ ഇല്ലെന്നത് മറ്റൊരു സവിശേഷതയാണ്. ക്ഷേത്രത്തിലേക്കാവശ്യമായ പൂവും ചന്ദനത്തിരിയുമെല്ലാം സായിഗ്രാമത്തിലുണ്ടാക്കും.
നെയ്ത്തുശാല, മൺപാത്ര നിർമ്മാണശാല, മുളകൊണ്ടുള്ള ഉത്പന്നനിർമ്മാണ കേന്ദ്രം, സോപ്പ് നിർമ്മാണ യൂണിറ്റ്, ലോഷൻ നിർമ്മാണ യൂണിറ്റ് എന്നിവയെല്ലാം ഇവിടെയുണ്ട്. വിദ്യാഭ്യാസത്തിനായി മോണ്ടിസോറി മുതൽ ഐ.എ.എസ് അക്കാഡമി വരെ സായിഗ്രാമത്തിന്റെ ഭാഗമാണ്.