മനസ് വായിച്ചെടുക്കുക എന്നൊക്കെ നമ്മൾ ധാരാളം കേട്ടിരിക്കുന്നു. ഒരു ഉപമ ആയിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിലും ശരിക്കും മനസ് വായിച്ചെടുക്കാൻ ശേഷിയുള്ള ഉപകരണങ്ങൾ ഉണ്ടോ ? അത്തരത്തിൽ നിർണായകമായ പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട ഒരാളിൽ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ, സാൻഫ്രാൻസിസ്കോയിലെ ഗവേഷകർ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. തന്റെ ചിന്തകൾ മാത്രം ഉപയോഗിച്ചാണ് ഇയാൾക്ക് കമ്പ്യൂട്ടറിലൂടെ വാക്കുകളും വാക്യങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ഇംപ്ലാന്റ് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഗവേഷക സംഘം നിർണായകമായ ഈ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ വിധേയമായ ആളുടെ തലച്ചോറിലെ തരംഗങ്ങളെ ഡീക്കോഡ് ചെയ്താണ് ഈ ഉപകരണം ആശയവിനിമയം സാദ്ധ്യമാക്കിയത്.
സ്വാഭാവികമായി ഒരു മനുഷ്യൻ സംസാരിക്കുന്നതിനേക്കാൾ മന്ദഗതിയിലാണ് ഇപ്പോൾ ഉപകരണത്തിന്റെ സഹായത്താൽ രോഗിയ്ക്ക് ഡോക്ടർമാരുമായി ആശയവിനിമയം സാധിക്കുന്നത്. 1000ത്തിലേറെ വാക്യങ്ങൾ രൂപീകരിക്കാൻ സാധിക്കുന്ന 50 വാക്കുകളെയാണ് നിലവിൽ തരംഗങ്ങളിൽ നിന്ന് കമ്പ്യൂട്ടർ ആൽഗരിതത്തിന് തിരിച്ചറിയാൻ സാധിക്കുന്നത്. ഇത്തരത്തിൽ മിനിറ്റിൽ 15 വാക്കുകൾ ഇംപ്ലാന്റിന് കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ഡീക്കോഡ് ചെയ്യാൻ കഴിയുന്നുണ്ട്.
കാലക്രമേണ ഇതിനെ കൂടുതൽ വിപുലീകരിക്കാൻ സാധിക്കുമെന്നും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേർക്ക് ഇത് പ്രതീക്ഷയേകുമെന്നും ഗവേഷകർ പറയുന്നു.
വൈദ്യ ശാസ്ത്ര രംഗത്ത് ആദ്യമായാണ് ശരീരം തളർന്ന് സംസാരശേഷി നഷ്ടപ്പെട്ട ഒരാളുടെ മസ്തിഷ്ക തരംഗങ്ങളിൽ നിന്ന് അയാൾ പറയാൻ ഉദ്ദേശിച്ച വാക്യത്തെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ഡീകോഡ് ചെയ്യുന്നത്. ഏതെങ്കിലും തരത്തിലെ രോഗം ബാധിച്ചോ അപകടത്തിൽപ്പെട്ടോ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടവരിൽ ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പായ ഈ പരീക്ഷണത്തിന് ഇനിയും വർഷങ്ങളോളം അധിക ഗവേഷണങ്ങൾ വേണ്ടി വരും.
വൈകല്യങ്ങളെ മറികടക്കാൻ മസ്തിഷ്ക തരംഗങ്ങളെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച പഠനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. മനസ് കൊണ്ട് നിയന്ത്രിക്കാവുന്ന കൃത്രിമ റോബോട്ടിക് കൈകളുടെ പരീക്ഷണങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ട്. കൈ ചലിക്കുന്നതായി സങ്കല്പിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന സിഗ്നലുകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്രിമ കൈയിലേക്ക് കൈമാറുകയും ചലനം സാദ്ധ്യമാവുകയും ചെയ്യുന്നു.
ശരീരം തളർന്ന ഒരാളിൽ ചലനം സാദ്ധ്യമാക്കാനാണ് ഈ പരീക്ഷണം നടന്നതെങ്കിൽ, അത്തരം ഒരാൾ സംസാരിക്കാനുദ്ദേശിക്കുന്ന കാര്യത്തെ മറ്റുള്ളവർക്ക് മനസിലാകുന്ന തരത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാഖ്യാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ, സാൻഫ്രാൻസിസ്കോയിലെ ഗവേഷകർ പരീക്ഷണം തുടങ്ങിയത്.
ഒരാളുടെ സംസാരം, ചുണ്ടുകൾ, നാക്ക്, താടി എന്നിവയുടെ ചലനം തുടങ്ങിയവ നിയന്ത്രിക്കുന്ന മസ്തിഷ്ക തരംഗങ്ങളിൽ നിന്നാണ് ഗവേഷകർ വാക്കുകൾ കമ്പ്യൂട്ടറിലേക്ക് ഡീക്കോഡ് ചെയ്തത്. പരീക്ഷണത്തിന് വിധേയമായ ഏകദേശം 40 വയസ് പ്രായമുള്ള വ്യക്തിയ്ക്ക് ബ്രെയിൻ - സ്‌റ്റെം സ്ട്രോക്കിനെ തുടർന്ന് 15 വർഷങ്ങൾക്ക് മുമ്പ് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെടുകയായിരുന്നു.
തലയിൽ സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത് പ്രത്യേക ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് ഗവേഷണങ്ങൾ നടന്നത്. ഗവേഷകർ ചോദിച്ച ഏതാനും ലളിതമായ ചോദ്യങ്ങൾക്ക് അയാളുടെ മനസിൽ പറയാനൊരുങ്ങിയ വാക്കുകളെ വിജയകരമായി ഡീക്കോഡ് ചെയ്ത് വാക്കുകളാക്കി മാറ്റാൻ സാധിച്ചതായി ഗവേഷകർ പറയുന്നു.