തിരുവനന്തപുരം: സ്വർണാഭരണ മേഖലയിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേരള ചരക്ക് സേവന നികുതി (കെ.ജി.എസ്.ടി) കേരള മൂല്യ വർദ്ധിത നികുതി (കെ - വാറ്റ്) തുടങ്ങിയ 15 വർഷത്തിലധികമായി നിരവധി കേസുകൾ തീർപ്പാകാതെ ഡിപ്പാർട്ട്മെന്റിലും കോടതിയിലുമായി കെട്ടിക്കിടക്കുകയാണെന്നും മാനുഷിക പരിഗണന നൽകി വ്യാപാരികൾക്ക് ഗുണകരമാകുന്ന തരത്തിൽ തീർപ്പാക്കണമെന്ന് (സെറ്റിൽമെന്റ്) ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ഭാരവാഹികൾ ധനമന്ത്രിയുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളെ മാത്രം ഉപദ്രവിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അനധികൃത മേഖലയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. വ്യാപാരികളുടെ പരാതികൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ, വർക്കിംഗ് സെക്രട്ടറി സി.വി. കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗം വിജയകൃഷ്ണ വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.