വെമ്പായം: അപകടാവസ്ഥയിലുള്ള വീട്ടിൽ കഴിഞ്ഞിരുന്ന അനാമികയ്ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. വേറ്റിനാട് തട്ടാംവിളാകത്ത് പ്രമോദ്- ശാന്തികൃഷ്ണ ദമ്പതികളുടെ മകളായ അനാമികയ്ക്ക് കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നൽകിയ "പ്രിയദർശിനി" വീടിന്റെ താക്കോൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കൈമാറി. പത്തു മാസങ്ങൾക്ക് മുൻപ് മഴക്കെടുതിയിലാണ് അനാമികയ്ക്ക് വീട് നഷ്ടപ്പെട്ടത്. പാഠപുസ്തകങ്ങളും കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും മഴയിൽ ഒലിച്ചുപോകുന്നത് കണ്ട് സങ്കടപ്പെട്ട് നിന്ന അനാമികയുടെ മുഖം ഇന്നുമൊരു നോവാണ്. വീടിന്റെ ശോചനീയാവസ്ഥയറിഞ്ഞ വെമ്പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് തേക്കട അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നിർമ്മാണക്കമ്മിറ്റി 290 ദിവസം കൊണ്ട് 850 സ്ക്വയർ ഫീറ്റിൽ ഏകദേശം 14 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച വീടിന് പ്രിയദർശിനി എന്ന് പേരിട്ടു. കൊവിഡിൽ ഈ ഉദ്യമത്തിന് പരിപൂർണ പിന്തുണയാണ് പ്രവർത്തകരും നാട്ടുകാരും നൽകിയതെന്ന് അഡ്വ.അനിൽകുമാർ പറയുന്നു. താക്കോൽദാന ചടങ്ങിൽ അടൂർ പ്രകാശ് എം.പി, കോൺഗ്രസ്സ് നേതാക്കളായ നെയ്യാറ്റിൻകര സനൽകുമാർ, പാലോട് രവി, എം.എ വാഹീദ്, അഡ്വ.കെ.മോഹൻകുമാർ, തേക്കട അനിൽ,ആനാട് ജയൻ, വിനോദ് കൃഷ്ണ, വെമ്പായം മനോജ്, ബീനാ ജയൻ, ജഗന്നാഥപിള്ള, മൊട്ടമൂട് പുഷ്പാംഗദൻ, അഡ്വ.എം.മുനീർ, ഷാനവാസ് ആനക്കുഴി, എൻ.ബാജി, കൊഞ്ചിറ ശശിധരൻ നായർ, കെ.കെ.ഷെരീഫ്, വേറ്റിനാട് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.