1

പൂവാർ: മനോഹരതീരം എന്ന് അറിയപ്പെട്ടിരുന്ന പൂവാർ തീരം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രമാണ്. പൂവാർ പൊഴിക്കര മുതൽ അടിമലത്തുറ വരെയുള്ള തീരപ്രദേശത്ത് ശക്തമായ തിരയടിയെ തുടർന്ന് മാലിന്യം അടഞ്ഞ് കൂടി. ഇവയിൽ ഏറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പഴകിയ പ്ലാസ്റ്റിക്ക് കവറുകളും ഒഴിഞ്ഞ മദ്യക്കുപ്പികളുമാണ് അടിഞ്ഞ് കൂടിയതിൽ കൂടുതലും. നെയ്യാറിൽ നിന്നും കരിച്ചൽ കായലിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് മലിന്യങ്ങൾ കടലിലേക്ക് ഒഴുകി എത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. തീരത്ത് പല സ്ഥലങ്ങളിലും അടിഞ്ഞ് കൂടിയ അറവ് മാലിന്യങ്ങൾ ദുർഗദ്ധം പരത്തുന്നുണ്ട്. ചാക്കിൽ കെട്ടിയാണ് ഭക്ഷണാവശിഷ്ടങ്ങളും കോഴിവേസ്റ്റും മറ്റ് അറവ് മാലിന്യങ്ങളും തീരത്ത് ഉപേക്ഷിക്കുന്നത്. മലിന്യം തേടിയെത്തുന്ന കാക്കകളും പരുന്തും തീരത്ത് സദാ സമയവും വട്ടമിട്ട് പറക്കുന്നത് കാണാം. പൂവാർ പൊഴിക്കര, ഇ.എം.എസ് കോളനി, വരവിളത്തോപ്പ് ഭാഗത്താണ് മാലിന്യ നിക്ഷേപം ഇപ്പോൾ വ്യാപകമായിരിക്കുന്നത്. പക്ഷികൾ കൊത്തിവലിച്ച് തീരത്തെ ജനവാസ മേഖലയിൽ കൊണ്ടിടുന്നതിനാൽ. തീരത്ത് തെരുവ് നായ ശല്യം പ്രദേശത്ത് വർദ്ധിച്ചിരിക്കുകയാണ്. കുട്ടികളും സ്ത്രീകളുമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.

പ്രദേശത്ത് എത്തുന്ന ടൂറിസ്റ്റുകളെയും ആക്രമിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. മാലിന്യം ശേഖരിക്കുന്നതിനോ സംസ്ക്കരിക്കുന്നതിനോ യാതൊരു സംവിധാനവും തീരത്തിപ്പോൾ നിലവിലില്ല.

ഇലക്ട്രോണിക് മാലിന്യങ്ങളും

ഇലക്ട്രോണിക്സ് മാലിന്യങ്ങളാണ് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇലക്ട്രിക് വയറുകൾ, മൊബൈൽ അവശിഷ്ടങ്ങൾ, ബാറ്ററികൾ, പഴയ സീഡികൾ, ടെലിവിഷൻ അവശിഷ്ടങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇവയെല്ലാം തീരത്ത് വാരി വിതറിയ പോലെയാണ് അടിഞ്ഞ് കൂടിയിരിക്കുന്നത്. ഇത് വീണ്ടും കടലിലേക്ക് പോകും. അതോടെ വൻതോതിൽ പരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

മാലിന്യനിക്ഷേപം തോന്നിയപോലെ
2019 - 20 സാമ്പത്തിക വർഷത്തിൽ കേരള ശുചിത്വമിഷന്റെ മാലിന്യ മുക്ത അവാർഡ് വാങ്ങിയ ഗ്രാമ പഞ്ചായത്താണ് പൂവാർ. തീരപ്രദേശത്തെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. അക്കാലത്ത് പൊലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ബോധവത്കരിക്കാനും നിയന്ത്രിരിക്കാനും ഗ്രാമ പഞ്ചായത്ത് ബോർഡുകളും സ്ഥാപിച്ചു. എന്നാൻ അവയൊന്നും ഇപ്പോഴില്ല. പല സ്ഥലങ്ങളിലും സ്ഥാപിച്ചിരുന്ന ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. സി.സി.ടി.വി ക്യാമറകൾ ഇളക്കി മാറ്റി. ഇപ്പോൾ മാലിന്യം നിക്ഷേപം തോന്നിയപോലെയാണ്.

മാലിന്യം നിക്ഷേപം നിയന്ത്രിക്കാൻ അടിയന്തിര നടപടി വേണം. മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ ആധുനിക സാങ്കേതികവിധ്യ ഉപയോഗപ്പെടുത്തണം. ഗ്രാമ പഞ്ചായത്ത് ഇതിനാവശ്യമായ നടപടി സ്വീകരിക്കണം വിർജിൻ, പരിസ്ഥിതി പ്രവർത്തകൻ

ഫോട്ടോ: പൂവാർ ബീച്ചിനോട് ചേർന്ന ഇ.എം.എസ് കോളനി ഭാഗത്ത് അടിഞ്ഞുകൂടായ മാലിന്യം