photo

പാലോട്: പലതരത്തിലുള്ള വിദേശഫലങ്ങളുടെ കൃഷിയുമായി ശ്രദ്ദേയനാവുകയാണ് പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ കുന്നിൽവീട്ടിൽ ഹക്കിം. പത്ത് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഹക്കിം ഉമ്മയുടെ നിർബന്ധത്തെ തുടർന്ന് തിരികെ പോയില്ല. കുടുംബസ്വത്തായി ലഭിച്ച ഭൂമിയിൽ എന്തെങ്കിലും കൃഷി തുടങ്ങാൻ ഉപദേശിച്ചതും ഉമ്മയാണ്. കൃഷിയിൽ എന്തെങ്കിലും പുതുമവേണം എന്ന ആഗ്രഹവുമായാണ് രണ്ട് ഏക്കർ സ്ഥലത്ത് വിദേശഫലങ്ങളുടെ കൃഷി ആരംഭിച്ചത്. മലേഷ്യൻ ഫലവൃക്ഷങ്ങളുടെ കൃഷിയാണ് അധികവും. കേരളത്തിലെ വിപണിയിൽ അപൂർവമായി കാണുന്ന ദുരിയാൻ എന്ന ഫലവൃക്ഷത്തിന്റെ രണ്ട് വെറൈറ്രികൾ ഹക്കിം കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മാങ്കോസ്റ്റിൻ, സലാംഗ്, അബിയൂ, ലോഗൺ, ഡ്രാഗൺ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. റംബുട്ടാന്റെ അഞ്ച് തരം ഇനങ്ങളാണ് ഇവിടെയുള്ളത്. സ്കൂൾ ബോയ്, 180, മൾബാന, മഞ്ഞ, കിംങ്ങ് എന്നിവയാണവ. വിയറ്റ്നാമിൽ നിന്ന് എത്തിച്ച ജംബോട്ടിക്ക മുന്തിരി, സാന്തോൾ, വിയറ്റ്നാം ഏർലിയുടെ രണ്ടിനം എന്നിവയും കൃഷിയിടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. സ്വദേശി,​വിദേശി മാവിനങ്ങളായ കോട്ടൂർകോണം, കലപ്പാടി, മൾഗോവ, ചക്കരമാവ്, മല്ലിക എന്നിവ ഹക്കിമിന്റെ കൃഷിയിടത്തിൽ കായ്ച്ച് നിൽകുന്നത് കൗതുകമുള്ള കാഴ്ചയാണ്. അഞ്ചിനം പ്ലാവിനങ്ങളാണ് ഈ കൃഷിയിടത്തിലെ മറ്റൊരു കാഴ്ച. ഇതിൽ വിദേശിയായ ചെമ്പടക്ക്, രണ്ടിനം ജാംഗ് സൂര്യ എന്നിവ ഉൾപ്പെടുന്നു. അരിയില്ലാത്ത ആസ്ട്രേലിയൽ വംശജനായ കുലപേര, കൂടാതെ കപ്പ, റോബസ്റ്റ്, രസകദളി, കദളി തുടങ്ങിയ വാഴ ഇനങ്ങളും ഇവിടെയുണ്ട്. ഏലം, മലേഷ്യൻ കുള്ളൻ തെങ്ങ്, വിവിധ ഇനം കമുക്,​ കൈതചക്ക, മുട്ടിപ്പഴം, ജാംബ, കുരുമുളക് എന്നിവയും ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. കൃഷിയിടത്തോട് ചേർന്ന് തന്നെ കോൺക്രീറ്റ് ടാങ്കിൽ മനോഹരമായ അഞ്ചോളം കുളങ്ങൾ തയ്യാറാക്കി മത്സ്യക്കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കായി പൂർണമായും ജൈവവളമാണ് ഹക്കിം ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ വില്പനയ്ക്കായി എത്തുന്ന വിദേശി ഫലവർഗങ്ങളിൽ നല്ലൊരുപങ്കും ഹക്കിമിന്റെ കൃഷിയിടത്തിൽ നിന്നാണ്. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒരു സീസണിലെ വില്പന. തൊട്ടടുത്തുള്ള തന്റെ പുരയിടത്തിൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിവിധ ഇനം പ്ലാവുകളും മാവും നടാനാണ് തീരുമാനം. ഒപ്പം ഒരു പശു ഫാമും ഉടനെ തുടങ്ങും. ഇവിടെയും തീരുന്നില്ല ഹക്കിമിന്റെ കൃഷിയോടുള്ള സ്നേഹം. വീടിനോട് ചേർന്ന് അലങ്കാര ചെടികൾക്കും, വിവിധയിനം ഓർക്കിഡുകൾക്കുമായി വലിയൊരു നഴ്സറി തന്നെയുണ്ട്. ഇവിടെ അഞ്ച് രൂപ മുതൽ 5000 രൂപ വരെയുള്ള ഇൻഡോർ ചെടികൾ ഉണ്ട്. വീടിന്റെ ടെറസിൽ സ്ഥാനം പിടിച്ചിട്ടുള്ള ഡ്രാഗൺഫ്രൂട്ടിനെ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിനായുള്ള ജോലികളും ഇവിടെ പുരോഗമിക്കുകയാണ്. കൃഷിക്ക് സഹായത്തിനായി ഹക്കിമിന്റെ ഭാര്യ സജിതയും മക്കളായ നിഹാനയും,​ നിഹാനും കൂടാറുണ്ട്.