പേരാമ്പ്ര: കൊവിഡിന്റെ മറവിൽ കുറ്റ്യാടി ചുരത്തിൽ യാത്രക്കാരെ പിഴിയുന്നതായി പരാതി. ചുരം ചെക്ക്‌പോസ്റ്റിൽ വാഹനങ്ങളെ അകാരണമായി തടഞ്ഞ് പിഴ ഈടാക്കുന്നതായാണ് ആരോപണം. രോഗികളെ കാണുന്നതിന് വേണ്ടി കുടുബാംഗങ്ങളുമായി സ്വന്തം വാഹനത്തിൽ യാത്ര ചെയ്ത പന്തിരിക്കര സ്വദേശിയെ സാമൂഹിക അകലം പാലിച്ചില്ല എന്നു പറഞ്ഞ് ഫൈൻ ഈടാക്കിയതായി പരാതി ഉയർന്നു. തങ്ങളുടെ വാഹനത്തിൽ അഞ്ചു പേർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടെങ്കിലും നാല് പേർക്ക് മാത്രമെ ഈ വാഹനത്തിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്നും അഞ്ഞൂറ് രൂപ പിഴ അടച്ചാൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളുവെന്നും പറഞ്ഞാണത്രെ ഉദ്യോഗസ്ഥർ പിഴവാങ്ങിയത്. രോഗിയെ കാണേണ്ടത് വളരെ അത്യാവശ്യമായത് കൊണ്ട് അഞ്ഞൂറ് രൂപ അപ്പോൾ തന്നെയടച്ച് യാത്ര തുടരേണ്ടി വന്നതായും യാത്രക്കാരൻ പറഞ്ഞു. കുറ്റ്യാടിയിൽ നിന്നും മാനന്തവാടി വരെയുള്ള യാത്രയിൽ മറ്റ് സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പരിശോധനയില്ലത്രെ. പൊതു വാഹനങ്ങളിൽ പോലും സിറ്റിംഗ് കപ്പാസിറ്റിയനുസരിച്ച് യാത്ര ചെയ്യാൻ അനുമതിയുണ്ടെന്നിരിക്കെയാണ് ഈ അവസ്ഥ.