കണ്ണൂർ: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ തലശേരി - മൈസൂർ റെയിൽപാത യാഥാർത്ഥ്യമാകാൻ ഇനി ഏക വെല്ലുവിളി കർണാടക സർക്കാരിന്റെ അനുമതിയാണ്. പാത വന്നാൽ വനപ്രദേശം നശിപ്പിക്കപ്പെടുമെന്നും വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി കർണാടകയിലെ പരിസ്ഥിതിവാദികൾ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതാണ് പാത യാഥാർത്ഥ്യമാകാനുള്ള തടസം. ഇതിന് പരിഹാരം ഉണ്ടായാൽ കബനി നദിക്കടിയിലൂടെ 11.5കിലോ മീറ്റർ നീളത്തിലുള്ള ടണൽ വഴി തലശ്ശേരിയിൽ നിന്ന് 206 കിലോമീറ്റർ ദൂരത്തിൽ 4 മണിക്കൂറിനുള്ളിൽ മൈസൂരിലെത്താം.
നേരത്തേ തലശ്ശേരി കൂത്തുപറമ്പ് മാനന്തവാടി, കുട്ട വഴിയായിരുന്നു റെയിൽപാത വിഭാവനം ചെയ്തിരുന്നത്. കർണാടക അതിർത്തിയിലെ കാപ്പിത്തോട്ടം ഉടമകളുടെ എതിർപ്പിനെ തുടർന്നാണ് നദിക്കടിയിലൂടെ പാത ആലോചിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കാട്, വയനാട്, ജില്ലകളിലുളളവർക്ക് മൈസൂരിലും ബാംഗ്ലൂരിലും എത്താൻ എളുപ്പമായിരിക്കും പുതിയ റൂട്ട്. ചെലവും കുറയും. മംഗലാപുരം - ബംഗളുരു പാതയിലെ ചരക്ക് നീക്കം ശേഷി കവിഞ്ഞതിനാൽ അധിക ചരക്ക് നീക്കം പുതിയ പാതവഴിയാക്കാം. ഇപ്പോൾ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാൽ കാറുകളും മറ്രുവാഹനങ്ങളും പുതിയ റൂട്ടിൽ ട്രെയിനിൽ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്.
114 വർഷങ്ങളായി മലബാറിലെ ട്രെയിൻ യാത്രക്കാർ സ്വപ്നം കണ്ട് കൊണ്ടിരിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് രൂപകൽപന ചെയ്തത്. നിലവിൽ, യശ്വന്ത്പുര ട്രെയിനിൽ കണ്ണൂർ - മംഗലാപുരം - ഹാസ്സൻ സുബ്രഹ്മണ്യപുര വഴി മൈസൂരിലേക്കായാലും കണ്ണൂർ- കോഴിക്കോട് - ഷൊർണൂർ - പാലക്കാട് - കോയമ്പത്തൂർ - ഈറോഡ് - സേലം- ധർമ്മപുരി - ഹൊസൂർ - ബാംഗ്ലൂർ വഴി മൈസൂരിലേക്കായാലും 15 മണിക്കൂറിലേറെയാണ് യാത്രാസമയം. തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരനായാലും കണ്ണൂരിൽ നിന്നുള്ള യാത്രക്കാരനായാലും ഷൊർണൂർ വഴി മൈസൂരിലെത്താൻ 600 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. 10 മണിക്കൂറിലേറെ ദൂരം ഷൊർണൂരിൽ നിന്ന് യാത്ര ചെയ്യുകയും വേണം. എന്നാൽ, ഷൊർണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് 154 കി.മീറ്റർ മാത്രമാണ് ദൂരം. 3 മണിക്കൂർ കൊണ്ട് ഷൊറണൂരിൽ നിന്ന് തലശ്ശേരിയിലെത്താം. തലശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് പരമാവധി 4 മണിക്കൂറാണ് കണക്കാക്കുന്നത്. അപ്പോൾ, ആകെ ഏഴ് മണിക്കൂർ കൊണ്ട് ഷൊർണൂരിൽ നിന്ന് ഒരു യാത്രക്കാരന് മൈസൂരിലെത്തിച്ചേരാൻ സാധിക്കും. അതുപോലെ കോഴിക്കോട് നിന്നുള്ള യാത്രക്കാരനാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തലശ്ശേരിയിലും മൊത്തം അഞ്ച് മണിക്കൂർ സമയം കൊണ്ട് മൈസൂരിലും എത്താൻ സാധിക്കും. മാത്രമല്ല, കൊങ്കൺ റൂട്ടിൽ നിലവിൽ ഒറ്റവരി റെയിൽ പാതയാണുള്ളത്. ഗോവ, മുംബയ്, ഡൽഹി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിലെത്താൻ മലബാറിലുള്ളവർ ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ മൺസൂൺ സീസണിൽ മണ്ണിടിച്ചിലും മറ്റും കാരണം ട്രെയിനുകൾ വൈകിയോടുന്നതും പലതും റദ്ദാക്കേണ്ടി വരുന്നതും പതിവാണ്. തലശ്ശേരി-മൈസൂർ പാത യാഥാർത്ഥ്യമായാൽ ഇതിനും പരിഹാരമാവും.
കേരളത്തിൽ ഷൊർണൂർ കഴിഞ്ഞാൽ, റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ളത് തലശ്ശേരിയിലാണ്. 50 ഏക്കർ സ്ഥലമാണ് റെയിൽവേയ്ക്ക് ഇവിടെ സ്വന്തമായുള്ളത്. സ്വാഭാവികമായും തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒരു ജംഗ്ഷനായി മാറും. അതിനാൽ മലബാറിൽ നിന്നുള്ള ദീർഘ ദൂര ട്രെയിനുകൾക്ക് തലശ്ശേരി വഴി മൈസൂരിലെത്താനും അവിടെ നിന്ന് ഇഷ്ടാനുസരണം സർവീസ് നടത്താനും സാധിക്കും.
അൽപം ചരിത്രം
ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാന നഗരിയായി അറിയപ്പെട്ടിരുന്ന തലശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് ഉണക്ക മത്സ്യം കയറ്റി അയക്കുന്നതിനും സുഗന്ധദ്രവ്യങ്ങളടങ്ങിയ മലഞ്ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനുമായി മൈസൂരിലേക്ക് തലശ്ശേരിയിൽ നിന്ന് ഒരു റെയിൽപാത എന്ന പദ്ധതിക്ക് 1907ലാണ് തുടക്കം കുറിച്ചത്. റെയിൽ സംരഭവുമായി അവർ മുന്നോട്ട് പോയ സമയത്തായിരുന്നു അപ്രതീക്ഷിതമായി ഒന്നാം ലോകമഹായുദ്ധം വന്നത്. അതോടെ ബ്രിട്ടീഷ്‌കാർക്ക് ഈ സംരംഭത്തിൽ നിന്ന് പിൻവലിയേണ്ടി വന്നു. ഇന്ത്യ സ്വാതന്ത്ര്യമായതിന് ശേഷം റെയിൽവേ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി, മൈസൂരിൽ നിന്ന് തലശ്ശേരി വരെ കാർ മാർഗ്ഗം സന്ദർശിച്ച്, ഏറ്റവും അനുയോജ്യവും അത്യാവശ്യവുമായ ഒരു റെയിൽ പദ്ധതിയാണ് ഇതെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മരണശേഷം ഇതിന്റെ ശബ്ദം നിലച്ചു. പിന്നീട് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ആവശ്യം വീണ്ടുമുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായികഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ പറഞ്ഞതോടെ എല്ലാ തടസവും മാറി കർണ്ണാടകയുടെ സമ്മതം കിട്ടുമെന്നാണ് പ്രതീക്ഷ.
പുതിയ പാത
തലശ്ശേരി - മൈസൂരു 207 കിലോമീറ്റർ
റൂട്ട്: മാനന്തവാടി, കേണിച്ചിറ, പുൽപ്പള്ളി വഴി
കബനീ നദിക്കടിയിൽ 11.5 കിലോ മീറ്രർ ടണൽ
ടണൽ നിർമ്മിക്കാൻ 1200 കോടി
റെയിൽ പാതയ്ക്ക് 6,000 കോടി
ഭൂമിയേറ്റെടുക്കാൻ ചെലവ് പുറമേ
10 -15 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകൾ
തലശേരി മൈസൂരു ഏകദേശം 5 മണിക്കൂർ
മൈസുരു - ബംഗളുരു മൂന്ന് മണിക്കൂർ
കോഴിക്കോട്- തലശേരി - ബംഗളുരു 9 മണിക്കൂർ
ഇപ്പോൾ തലശേരി - കോഴിക്കോട് - ഷൊർണൂർ - ബംഗളുരു 15 മണിക്കൂർ