വിതുര:ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും മിക്ക പഞ്ചായത്തുകളിൽ നിന്നും കൊവിഡ് പിന്മാറുന്നില്ല. വിതുര, തൊളിക്കോട്, പഞ്ചായത്തുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.

അരുവിക്കര നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കൊവിഡ് പിടിമുറുക്കിയിട്ടുണ്ട്.ആദിവാസി, തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം നേരത്തേ രൂക്ഷമായിരുന്നെങ്കിലും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.രണ്ടാഴ്ച മുൻപ് വരെ അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര,തൊളിക്കോട്,ആര്യനാട്,ഉഴമലയ്ക്കൽ,പൂവച്ചൽ,കുറ്റിച്ചൽ, അരുവിക്കര, വെള്ളനാട്, എന്നീ എട്ട് പഞ്ചായത്തുകളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്നു.ഒരു മാസത്തിനിടയിൽ എട്ട് പഞ്ചായത്തുകളിലുമായി അയ്യായിരത്തിൽ പരം പേർക്ക് കൊവിഡ് പിടികൂടിയിരുന്നു.

രോഗബാധയെ തുടർന്ന് ഇരുനൂറിൽ പരം പേർ മരിച്ചു.ശക്തമായ പ്രതിരോധപ്രവർത്തനങ്ങളെ തുടർന്ന് കൊവിഡ് വ്യാപനം കുറയുകയായിരുന്നു.രോഗികളുടെ എണ്ണം അഞ്ഞൂറായി താഴ്ന്നു.എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ വീണ്ടും മാറി മറിഞ്ഞു. മിക്ക പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചിട്ടുണ്ട്.ഇതിനിടയിൽ മഴ കൂടി എത്തിയതോടെ രോഗവ്യാപനതോത് വീണ്ടും ഉയർന്നു. കൊവിഡ് പുറമേ പനിയും മറ്റും വ്യാപിച്ചതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

വിതുര പഞ്ചായത്ത്

വിതുര പഞ്ചായത്തിൽ നിലവിൽ 201 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. പഞ്ചായത്ത് സി കാറ്റഗറിയിലാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നിരവധി കടകളൾക്കുമേൽ പൊലീസ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.നേരത്തേ പഞ്ചായത്തിൽ രോഗികളുടെ എണ്ണം 500 കടന്നിരുന്നു. ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ രോഗികളുടെ എണ്ണം 32 ആയി കുറയുകയായിരുന്നു. എന്നാൽ രണ്ടാഴ്ച കൊണ്ട് വീണ്ടും രോഗവ്യാപനതോത് വർദ്ധിച്ചു. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ മൂന്നും,നാലും ദിവസം കൊവിഡ് പരിശോധന നടക്കുന്നുണ്ട്. നിലവിൽ ചേന്നൻപാറ വാ‌ർഡിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് 40 പേർ. വിതുര വാ‌ർഡിൽ 21, മേമല വാർഡിൽ 15, മുളയ്ക്കോട്ടുകരവാർഡിൽ 12, പൊന്നാംചുണ്ട് വാർഡിൽ 13 പേരും ചികിത്സയിലുണ്ട്.

തൊളിക്കോട് പഞ്ചായത്ത്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഡി കാറ്റഗറിയിലാണ്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ പഞ്ചായത്ത് എ കാറ്റഗറിയിലായിരുന്നു. നിലവിൽ 99 പേരാണ് ചികിത്സയിലുള്ളത്. തോട്ടുമുക്ക് വാ‌ർഡിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് 27 പേർ. പരപ്പാറ വാർഡിൽ 25 പേർ ചികിത്സയിലുണ്ട്. തൊളിക്കോട് പഞ്ചായത്തിന്റെയും,വിതുര പൊലീസിന്റെയും,തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പൊലീസ് അനവധി പേരെ പിടികൂടി പിഴചുമത്തുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.