ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നുപോലെ സൂക്ഷിച്ച് കാസറ്റിട്ട് പ്ളേ ചെയ്ത് പാട്ടുകേൾക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും ദർശന രാജേന്ദ്രനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃദയത്തിന്റെ ഓഡിയോ കാസറ്റുകളും ഓഡിയോ സി.ഡികളും പുറത്തിറങ്ങുന്നു. വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കൈതപ്രം, അരുൺ അലാട്ട്, വിനീത് ശ്രീനിവാസൻ, ഗുണ ബാലസുബ്രഹ്മണ്യൻ എന്നിവർ എഴുതിയ ഗാനങ്ങളും ത്യാഗരാജ ഭാഗവതരുടെ കീർത്തനവും ബുല്ലേഷാ എഴുതിയ കവിതയുമുൾപ്പെടെ പതിനഞ്ച് ട്രാക്കുകളാണ് ഹൃദയത്തിലുള്ളത്. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിൽ ഉണ്ണിമേനോൻ, കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, പൃഥ്വിരാജ്, ദർശന രാജേന്ദ്രൻ, ഹിഷാം അബ്ദുൾ വഹാബ്, ദിവ്യ വിനീത്, മുഹമ്മദ് മക്ബൂൽമൻസൂർ, ജോബ് കുര്യൻ, സച്ചിൻ ബാലു, മേഘ ജോസുകുട്ടി, അരവിന്ദ് വേണുഗോപാൽ, ശ്വേത അശോക് എന്നിവരാണ് ഹൃദയത്തിലെ പാട്ടുകൾ പാടിയിരിക്കുന്നത്.
മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹൃദയത്തിന്റെ ആഡിയോ പുറത്തിറക്കുന്നത് തിങ്ക് മ്യൂസിക്കാണ്.