തിരുവനന്തപുരം : ജനനസർട്ടിഫിക്കറ്റിൽ പേരു ചേർക്കാൻ കഴിയാത്തവർക്ക് അവസരം. സർട്ടിഫിക്കറ്റിൽ പേരില്ലാത്തവർക്ക് അഞ്ചുവർഷം കൂടി അവസരം ലഭിക്കും. ഇതിനായി 1999ലെ ജനന-മരണ ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി.
2015ജൂൺ22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യാത്തവരുടെ പ്രശ്‌നത്തിനാണ് ശാശ്വത പരിഹാരമായത്. നിരവധി പേർക്ക് ജോലിയ്ക്കും പഠനത്തിനുമുള്ള അവസരം പേര് ചേർക്കാത്തതിനാൽ നഷ്ടമായെന്ന വാർത്ത 2020 ഒക്ടോബർ 12ന് 'കേരളകൗമുദി" പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് താത്കാലിക പരിഹാരമായി ഈവർഷം ജൂൺ 22വരെ അടിയന്തര ആവശ്യമുള്ളവർക്ക് പേരു ചേർക്കാൻ അനുമതി നൽകിയിരുന്നു. സമാനമായ കേസുകൾ നിരവധിയുള്ളതിനാലാണ് കേന്ദ്ര ജനന-മരണ രജിസ്ട്രാറുടെ അനുമതിയോടെ സംസ്ഥാന സർക്കാർ നിയമ ഭേദഗതി നടത്തിയത്.
കേന്ദ്ര ജനന-മരണ നിയമ പ്രകാരം 1970 ഏപ്രിൽ 1 മുതൽ 2015 ജൂൺ 22 വരെ ജനിച്ചവർക്ക് പേരു ചേർക്കാൻ അഞ്ചു വർഷവും അതിനു ശേഷമുള്ളവർക്ക് 15വർഷവും നൽകി 2010ൽ സംസ്ഥാനം ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നെങ്കിലും ഏറെപ്പേരും ശ്രദ്ധിച്ചില്ല.
പ്രസവശേഷം കുട്ടികൾക്ക് ഉടൻ പേരിടാത്തവരുടെ മറ്റു വിവരങ്ങളെല്ലാം ചേർത്ത് ആശുപത്രി അധികൃതർ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ പേരിന്റെ സ്ഥാനത്ത് "ചേർത്തിട്ടില്ല" എന്നകുറിപ്പോടെയാണ് സർട്ടിഫിക്കറ്റ് നൽകിയത്. പേരിട്ട ശേഷം രജിസ്റ്ററിൽ ചേർത്താലേ ഉപയോഗയോഗ്യമായ സർട്ടിഫിക്കറ്റ് ലഭിക്കൂ.