veena-george

തിരുവനന്തപുരം : മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഉൾപ്പെടെ ആരോഗ്യവകുപ്പിലെ എല്ലാ ഒഴിവുകളും അടിയന്തരമായി പി.എസ്.സിയ്ക്ക് റിപ്പോ‌ർട്ട് ചെയ്യാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇരുവിഭാഗങ്ങളിലെയും വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിനകം ആരോഗ്യ വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം.

അന്തർജില്ലാ സ്ഥലം മാറ്റത്തിനായോ, മറ്റു ക്വാട്ടകൾക്കായോ അപേക്ഷകർ ഇല്ലെങ്കിൽ പ്രസ്തുത തസ്തിക നിയമപരമായ നടപടി സ്വീകരിച്ച് നികത്താൻ കഴിയുമോ എന്നത് പരിശോധിക്കണം. ആശ്രിത നിയമനത്തിന് നീക്കിവച്ചിട്ടുള്ള ഒഴിവുകൾ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

 ഒരുമാസത്തിനകം പ്രശ്ന പരിഹാരം

ഉയർന്ന തസ്തികകളിലെ ഒഴിവ് നികത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിക്കൊണ്ട് ഒരു മാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

സ്ഥാനക്കയറ്റം യഥാസമയം നടക്കാത്തതിനാൽ എൻട്രി കേഡറുകളിലെ ഒഴിവുകളിൽ നിയമനം നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. ഏതെങ്കിലും കാരണത്താൽ ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നടത്താൻ കഴിയാതെ വന്നാൽ ആ തസ്തിക താത്കാലികമായി റിവേർട്ട് ചെയ്ത് എൻട്രി കേഡറായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. പ്രമോഷൻ സംബന്ധിച്ച കോടതി വ്യവഹാരങ്ങളിൽ കൃത്യമായ സത്യവാങ്‌മൂലം നൽകി തടസ്സങ്ങൾ നീക്കണം. ഓരോ വർഷവും ഉയർന്ന തസ്തികകളിലേക്ക് ഉണ്ടാകുന്ന ഒഴിവുകൾ മുന്നിൽക്കണ്ട് യഥാസമയം സ്ഥാനക്കയറ്റം നൽകണം. ഡി.പി.സി കൂടുന്നതിനുള്ള കാലതാമസം ഉണ്ടാകരുതെന്നും മന്ത്രി നിർദ്ദേശം നൽകി.