നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതി - രാമേശ്വരം - അമരവിള റോഡ് നിർമ്മാണം ഉടൻ പൂ‌ർത്തിയാകുമെന്ന് കെ. അൻസലൻ എം.എൽ.എ അറിയിച്ചു. ഈ റോഡിന്റെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് കേരളകൗമുദി കഴിഞ്ഞ 14ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു ഇതേ തുടർന്നാണ് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് എം.എൽ.എ അറിയിച്ചത്. ഈ റോഡ് സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് റോഡിന് വളരെവേഗം കേടുപാടുകൾ സംഭവിക്കും. റോഡിനിരുവശവും വയലുകളാണ് കൂടാതെ നെയ്യാർ കടന്നുപോകുന്ന പ്രദേശവുമാണിത്. ഇതാണ് റോഡിന് വളരെവേഗം കേടുപാടുകൾ സംഭവിക്കാൻ കാരണം. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയിൽ ബി.എം.ബി.സി പ്രവൃത്തിയിലുൾപ്പെടുത്തി 2.5 കോടി രൂപ ചെലവാക്കിയാണ് നിലവിലെ റോഡ് നിർമ്മാണം നടക്കുന്നത്. ദ്രുതഗതിയിൽ നിർമ്മാണം നടന്നിരുന്നെങ്കിലും ലോക്ക്ഡൗണും,​ മഴയും കാരണം കാലതാമസം നേരിടുകയായിരുന്നു. നിലവിൽ ടാർ മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നാട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുളളതിനാൽ സൗകര്യപ്രദമായ ഒരു സ്ഥലത്ത് പ്ലാന്റ് സ്ഥാപിച്ചാൽ മാത്രമേ ടാറിംഗ് ജോലികൾ പൂ‌ർത്തിയാക്കാൻ കഴിയുകയുളളൂ. ആൾതാമസമില്ലാത്ത പ്രദേശത്ത് ടാർ മിക്സിംഗ് പ്ലാൻ്ള് സ്ഥാപിക്കുന്നതിന് സമയം ആവശ്യമായി വന്നെന്നും എന്നാൽ പ്ലാന്റ് സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടിത്തിലാണെന്നും ഉടൻ തന്നെ ടാറിംഗ് ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. കൂടാതെ പാർക്ക് ജംഗ്ഷൻ മുതൽ ദേശീയപാതയിൽ കയറുന്നതുവരെയുള്ള കോടതി റോഡിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.