pratheesh

നഗരൂർ: സൗദിയിൽ കാണാതായ ആലംകോട് തെഞ്ചേരിക്കോണം സ്വദേശി പ്രദീഷ് മുൻ എം.എൽ.എ ബി. സത്യന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി. ഉമാമഹേശ്വര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രദീഷിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധികളും മുൻ എം.എൽ.എ ബി. സത്യനെ ബന്ധപ്പെട്ടു. തുടർന്ന് അദ്ദേഹം സൗദിയിലെ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രദീഷിനെ കണ്ടെത്തിയത്.

തുടർന്ന് നാസ് വക്കത്തിന്റെ വസതിയിൽ താമസിപ്പിക്കുകയും യാത്രാ ടിക്കറ്റ് ഉൾപ്പെടെ ശരിയാക്കി കഴിഞ്ഞ ദിവസം രാത്രി 10.40നുള്ള ജിദ്ദാ - തിരുവനന്തപുരം വിമാനത്തിലാണ് പ്രദീഷ് നാട്ടിലെത്തിയത്. കഴിഞ്ഞയാഴ്ചയാണ് നാസിമിന്റെ പിതാവ് മരിച്ചത്. അതിനുപോലും നാട്ടിലേക്ക് വരാതെ പ്രദീഷിന്റെ യാത്രാ രേഖകൾ ശരിയാക്കാൻ മുൻകൈയെടുത്ത നാസിന്റെ ഇടപെടലും തുണയായി.