general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ മണലി വാർഡിൽ ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാഞ്ഞിരംകുളം വീണ്ടും അരക്ഷിതാവസ്ഥയിൽ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അഞ്ച് ലക്ഷം രൂപ മുടക്കി പുനഃരുദ്ധരിച്ച കാഞ്ഞിരംകുളമാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് വീണ്ടും കാട് കയറി നശിക്കുന്നത്. നീരുറവ കാണാൻ കഴിയാത്തവിധം കുളം പച്ചപ്പിലമർന്ന് തരിശ് ഭൂമിക്ക് സമാനമായി മാറിയിരിക്കുകയാണ്.

സ്വകാര്യ കൈയേറ്റങ്ങൾ മൂലം അര ഏക്കർ വിസ്തൃതിയുള്ള കുളം ഇപ്പോൾ ചുരുങ്ങി നാൽപ്പത് സെന്റിൽ താഴെയായിരിക്കുകയാണ്. കുളത്തിലെ നാല് ചുറ്റിലുമുള്ള ബണ്ടുകളും തകർന്ന നിലയിലാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് മൂന്ന് വർഷം മുമ്പ് കുളം നവീകരിച്ചത്. മലിനജലം ഒഴുക്കിവിടുന്നതിലേക്കായി പൈപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ നവീകരിച്ചതിനു പിന്നാലെ പൈപ്പുകളും തകർന്ന് കുളത്തിലേക്ക് വീണ്ടും മലിനജലം എത്തി മാസങ്ങൾ കഴിഞ്ഞതോടെ കുളം വീണ്ടും കാട്കയറി നശിക്കാൻ തുടങ്ങി. നിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചത് മൂലമാണ് കുളത്തിലേക്ക് വീണ്ടും മാലിന്യമെത്തിയതെന്ന് ആരോപണമുയർന്നെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ല. ഗാർഹിക ആവശ്യത്തിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും കാഞ്ഞിരംകുളം നവീകരിച്ച് നിലനിറുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കുളം കയ്യേറുന്നത് ഒഴിവാക്കാൻ റസിഡന്റ്സ് അസോസിയേഷനുമായി ചേർന്ന് വാർഡുതല നീർത്തട സംരക്ഷണ സമിതിയും രൂപീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കുളത്തിൽ കൈയേറ്റവും രൂക്ഷം

പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം

കുളത്തിലെ ബണ്ടുകളും നശിച്ചു

കൃഷിയെയും ബാധിച്ചു

വാർഡിലെ പുല്ലയ്ക്കോണം,​ പരുത്തിമഠം ഏലായിലെ കർഷകർക്ക് ഏക ആശ്രയമായിരുന്നു ഈ നീരുറവ. കുളത്തിലെ വെള്ളം പുല്ലയ്കോണം തോട് വഴിയാണ് ഏലാകളിൽ എത്തിയിരുന്നത്. തോട് കൈയേറി റോഡ് നിർമ്മിച്ചതും കുളത്തിന്റെ നിലനിൽപ്പിനെ ബാധിച്ചു. കുളം വറ്റി വരണ്ടതോടെ ഏലാകളിലെ കൃഷിയും നശിച്ചു തുടങ്ങി. ആയിരക്കണക്കിന് വാഴക്കൃഷി ചെയ്തിരുന്ന കർഷകർ ജലദൗർലഭ്യം മൂലം കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

കാഞ്ഞിരംകുളം നവീകരിക്കാൻ ത്രിതല പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാൻ ജനപ്രതിനിധികൾ മുന്നോട്ടു വരണം. കർഷകർക്ക് ഏക ആശ്രയമായ ഈ നീരുറവയെ തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റാനുള്ള ഊർജ്ജിത നടപടികളിലേക്ക് കടക്കാനും തൊഴിലുറപ്പ് ജീവനക്കാരെ കൊണ്ട് കുളം നവീകരിക്കാനും പഞ്ചായത്ത് ഭരണസമിതി തയ്യാറാവണം

പരുത്തിമഠം സജ്ജാദ് സഹീർ,​ വൈസ് പ്രസിഡന്റ്. പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ