ആറ്റിങ്ങൽ: ബ്യൂട്ടി പാർലറിൽ വിവാഹ പാർട്ടിക്കാരെ ഒരുക്കുന്നതിനിടെ അഞ്ചുജീവനക്കാർ കുഴഞ്ഞുവീണു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആറ്റിങ്ങൽ മാമം അഷ്ടമുടി ബ്യൂട്ടി പാർലറിലായിരുന്നു അപകടം. ബംഗാൾ സ്വദേശി സുസ്‌മിത മണ്ഡൽ ( 27), സിക്കിം സ്വദേശികളായ സൗമ്യ ( 25), ഗ്രേസി ( 24), ഡാർജ്ലിംഗ് സ്വദേശി സഞ്ജു (25), ആറ്റിങ്ങൽ സ്വദേശി മിനി (45) എന്നിവരാണ് കുഴഞ്ഞുവീണത്.
ബ്യൂട്ടി പാർലറിൽ നിന്ന് നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അവശനിലയിലായ ജീവനക്കാരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഓക്‌സിജൻ നൽകിയാണ് ഇവരുടെ ജീവൻ രക്ഷിച്ചതെന്നും വിഷവാതകം ശ്വസിച്ചാണ് ഇവർ കുഴഞ്ഞുവീണതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജീവനക്കാർ അപകടനില തരണം ചെയ്‌തു.
വിവാഹവുമായി ബന്ധപ്പെട്ട് വധുവിനെയും ബന്ധുക്കളെയും ഒരുക്കുന്ന തിരക്കിലായിരുന്നു ജീവനക്കാർ. ഉച്ചയോടെ വധുവും കൂട്ടരും പോയിരുന്നു. വധുവിന്റെ ചില ബന്ധുക്കളെ ഒരുക്കുന്നതിനിടയിലാണ് സംഭവം. അടച്ചിട്ട പാർലറിൽ രാവിലെ മുതൽ എ.സി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുകയാവാം അപകട കാരണമെന്നാണ് വിവരം.