വർക്കല:കൊവിഡിനെ തോല്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ പവിത്രരാധാകൃഷ്ണൻ നേടിയ വിജയത്തിന് ഇരട്ടി മധുരം. ശിവഗിരി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പവിത്ര പൊതുപരീക്ഷയുടെ സമയത്ത് കൊവിഡ് പോസിറ്റീവായിരുന്നു.പരീക്ഷ എഴുതുവാൻ കഴിയുമെന്ന് കരുതിയതല്ല.ആംബുലൻസിന് വാടകയ്ക്കെടുത്ത് സ്കൂളിൽ കൊണ്ടുപോയി പരീക്ഷ എഴുതിക്കുവാനുളള പാങ്ങൊന്നും കുടുംബത്തിനില്ല.ഒടുവിൽ സ്കൂൾ അധികൃതരും പി.ടി.എയും ചേർന്ന് ആംബുലൻസിന്റെ വാടക അടച്ചു.പവിത്രയെ സ്കൂളിൽ കൊണ്ടുവന്ന് പ്രത്യേകമിരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു.റിസൾട്ട് വന്നപ്പോൾ എല്ലാ വിഷയത്തിനും എപ്ലസ്.സ്കൂൾ അധികൃതരും നാട്ടുകാരുമെല്ലാം പവിത്രയെ അഭിനന്ദിച്ചു.ശ്രീനിവാസപുരം ഉച്ചളത്ത് വീട്ടിൽ പാചകതൊഴിലാളിയായ രാധാകൃഷ്ണന്റെയും (രാജു) സന്ധ്യയുടെയും മകളാണ് ഈ മിടുക്കി.