നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ 44 വാർഡുകളിലെയും വാക്സിനേഷൻ വിതരണം ത്വരിതപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ അറിയിച്ചു. സ്പോട്ട് വാക്സിനേഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മെ‌‌ഡിക്കൽ ഓഫീസർമാരുടെ സാനിദ്ധ്യത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം. രണ്ട് അർബൻ പി.എച്ച്.സിക്കുമായി 21 വാർ‌ഡുകളും ഓലത്താന്നി പി.എച്ച്.സിക്ക് 23 വാർ‌ഡുകളുമെന്ന നിലയിലാണ് ഇപ്പോൾ വാക്സിനേഷൻ വിതരണം ക്രമീകരിച്ചിട്ടുളളത്. ഡി.എം.ഒയുമായി ബന്ധപ്പെട്ട് വാക്സിനിന്റെ ഡോസ് 150ൽ നിന്നും 200ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ പി.എച്ച്.സിയിലും 50 ഡോസ് ഓൺലൈനായും ബാക്കി 150 ഡോസ് സ്പോട്ട് വാക്സിനായുമാണ് നൽകുന്നത്. അടുത്ത ആഴ്ചയോടെ നഗരസഭാ പരിധിയിലെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുളള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.