odukal-polinjuveeena-nila

കല്ലമ്പലം: കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മണമ്പൂർ പഞ്ചായത്തിലെ ഗുരുനഗർ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിയും മരച്ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുതി ബന്ധം താറുമാറായി. ഇരുപതോളം വീടുകൾക്ക് മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് മേൽക്കൂരകൾ തകർന്നു. വീടുകൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ആളപായം ഉണ്ടായില്ല. മണമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലും സാരമായ നാശം സംഭവിച്ചു. ക്ഷേത്രത്തിന്റെ നാലമ്പലത്തിലെ ഓടുകൾ, സ്റ്റേജിന്റെ ഷീറ്റ് എന്നിവ ഇളകി വീഴുകയും, യക്ഷി നടയിലുണ്ടായിരുന്ന ഇലഞ്ഞി മരത്തിന്റെ ചില്ല ഒടിഞ്ഞുവീഴുകയും,​ കൊടിമര കൈ ദിശ മാറുകയും ചെയ്തു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തിയാണ് മരച്ചില്ലകൾ നീക്കം ചെയ്തത്. പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചു. ഒറ്റൂർ പഞ്ചായത്തിലെ തോപ്പുവിള ചരുവിള പുത്തൻ വീട്ടിൽ തങ്കമ്മയുടെ വീടും ഭാഗികമായി തകർന്നു.