വർക്കല:മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊലീസിന് മറ്റു ചുമതലകൾ നിർവഹിക്കേണ്ടി വന്നതിനാൽ മുടങ്ങിപോയ വർക്കല നഗരത്തിലെ ട്രാഫിക് പൊലീസിന്റെ പ്രവർത്തനം പുനരാരംഭിച്ചു.അഡ്വ.വി.ജോയി എം.എൽ.എ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് വർക്കലയിൽ ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിച്ചത്.വർക്കല മൈതാനം,റെയിൽവെസ്റ്റേഷൻ, പുന്നമൂട്,പൊലീസ് സ്റ്റേഷനു മുൻവശം,പുത്തൻചന്ത തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇനിമുതൽ ട്രാഫിക് പൊലീസുണ്ടാവും.രാവിലെ മുതൽ രാത്രി വരെ ട്രാഫിക് എൻഫപോഴ്സ് മെന്റ് വാഹനവും പട്രോളിംഗ് നടത്തും.ടൂറിസം പൊലീസിലും കുറവുണ്ടായിരുന്നു.മൂന്ന് പൊലീസുകാരെകൂടി ടൂറിസം മേഖലയിലും വിന്യസിച്ചു.ഡി.വൈ.എസ്.പി ഓഫീസിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും അനുവദിച്ചു.വെളളിയാഴ്ച രാവിലെ വർക്കല പൊലീസ് സ്റ്റേഷനിൽ അഡ്വ.വി.ജോയി എം.എൽ.എ ട്രാഫിക് എൻഫോഴ്സ് മെന്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.നഗരസഭ ചെയർമാൻ കെ.എം.ലാജി, കൗൺസിലർ നിതിൻനായർ,ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, എസ്.എച്ച്.ഒ പ്രശാന്ത്, എസ്.ഐ അജിത്, പി.ആർ ഒ ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.