നാഗർകോവിൽ: കന്യാകുമാരിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 21 കിലോ കഞ്ചാവുമായി അച്ഛൻ അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന മകൻ ഓടിരക്ഷപ്പെട്ടു. ഭൂതപ്പാണ്ടി അഴകിയപാണ്ഡിപുരം സ്വദേശി ദേവദാസ് (56) ആണ് പിടിയിലായത്. മകൻ മെർവിൻ (21) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്‌പെഷ്യൽ ടീം എസ്.ഐ മഹേഷ്‌, ശരവണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേവദാസിനെ പിടികൂടിയത്. കന്യാകുമാരിയിലെ കഞ്ചാവ് കച്ചവടക്കാരെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ ജില്ലയൊട്ടാകെ സ്‌പെഷ്യൽ ടീം രൂപീകരിച്ച് പരിശോധന നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. ദേവദാസിനെ റിമാൻഡ് ചെയ്തു.