p-rajeev

തിരുവനന്തപുരം: പുറത്തുനിന്ന് വൻ നിക്ഷേപം സംസ്ഥാനത്തേക്ക് വരുമെന്നും ഇതിനുള്ള ധാരണയായിട്ടുണ്ടെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭകരുടെ പരാതി കേൾക്കാനുള്ള മീറ്റ് ദി മിനിസ്റ്റർ പരിപാടിക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 100 കോടിയിലധികം നിക്ഷേപം നടത്താൻ കഴിയുന്നവർക്ക് വേണ്ടി എല്ലാ മാസവും നിക്ഷേപക സംഗമം നടത്തും. ഉത്തരവാദ നിക്ഷേപത്തിനാണ് സംസ്ഥാനം പ്രാധാന്യം നൽകുന്നത്. ആഗോള തലത്തിൽ തന്നെ ഉത്തരവാദ നിക്ഷേപത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്രുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായാൽ നടപടി എടുക്കാനുള്ള വകുപ്പ് പുതുതായി കൊണ്ടുവരുന്ന നിയമത്തിൽ ഉൾപ്പെടുത്തും. അപൂർവം ചില ഉദ്യോഗസ്ഥർ തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അവരെ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മന്ത്രി പറഞ്ഞത്

 വ്യവസായികളും ഉദ്യോഗസ്ഥരും നിയമത്തിനനുസരിച്ച് പ്രവർത്തിക്കണം.
 സംസ്ഥാന, ജില്ലാ ബാങ്ക് തല സമിതികളിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ പങ്കെടുക്കും
 പരാതികൾ പരിഹരിക്കാൻ വെബ് പോർട്ടൽ ഏർപ്പെടുത്തും
 കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും മാറ്റാൻ ഡോ.കെ.സി സണ്ണി അദ്ധ്യക്ഷനായ മൂന്നംഗ സമിതി

 വ്യവസായികളുടെ പരാതി വന്നത് ഏറെയും പഞ്ചായത്തുകളെ കുറിച്ച്

 ഇക്കാര്യം തദ്ദേശ വകുപ്പ് മന്ത്രിയുമായി സംസാരിക്കും

 സംസ്ഥാനത്ത് ആയുർവേദ, മെഡിക്കൽ ലാബ് പാർക്ക് തുടങ്ങും

 കിൻഫ്രയുടെ വൈദ്യുതി വിതരണ കമ്പനി സേവനം വ്യവസായികൾക്ക് പ്രയോജനപ്പെടുത്താം
 എല്ലാ എസ്റ്റേറ്റുകളും ഏകീകൃത പാട്ടവ്യവസ്ഥയിലേക്ക് കൊണ്ടുവരും

 നോക്കുകൂലി ഇല്ലെന്ന് ഉറപ്പ് വരുത്താൻ തൊഴിൽ വകുപ്പിനോട് നിർ‌ദ്ദേശിക്കും.