dhanalakshmi-1

കാസർകോട്: കഥയും കവിതയും സിനിമയും മായാജാലവും തുടങ്ങി കരവിരുതിന്റെ മായിക പ്രപഞ്ചം വരെ സൃഷ്ടിച്ച് തൊടുന്നതെല്ലാം പൊന്നാക്കി ശ്രദ്ധയേയാവുകയാണ് വലിയപൊയിൽ നാലിലാംകണ്ടം ജി.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ധനലക്ഷ്മി സി. ബിനോയ് എന്ന കൊച്ചുമിടുക്കി. നമ്മളെല്ലാം ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന സാധനങ്ങളെല്ലാം ധനലക്ഷ്മിക്ക് സൈക്കിളും ഗിത്താറും ക്രിക്കറ്റ് ബോളും ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായി മാറുകയാണ്. കുഞ്ഞുപ്രായത്തിൽ തന്നെ അസാമാന്യമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഈ മിടുക്കിയെ തേടി അംഗീകാരങ്ങൾ പലതും എത്തി. ഏറ്റവും ഒടുവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നർ ആയിരിക്കുകയാണ് ഈ മിന്നുംതാരം.100 വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് ചെയ്ത് റെക്കോർഡ് വിന്നർ ആയ 43 കാരനായ ബംഗ്ലാദേശ് കാരനെ ബ്രേക്ക് ചെയ്തു, 108 വെസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് ചെയ്ത വിന്നർ ആയിരിക്കുകയാണ് ഈ 12കാരി. ചിരട്ട, ക്ലേ, ന്യൂസ് പേപ്പർ, പ്ലാസ്റ്റിക് ബോട്ടിൽ, പഴയ തുണി, ചെരുപ്പ്, കാർഡ് ബോർഡ്, ഇലക്ട്രിക് വയർ, കവുങ്ങിൻപാള, പ്ലാസ്റ്റിക് കവർ എന്നിവ ഉപയോഗിച്ച് വീട്, ബോൾ, ചെരുപ്പ്, സംഗീത ഉപകരണങ്ങൾ, കാർ, ബസ്, കാളവണ്ടി, പക്ഷി, ആന, ശിവലിംഗം എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്. 2019 ജനുവരിയിൽ വിടപറഞ്ഞ കുഞ്ഞനുജത്തി ഭാഗ്യലക്ഷ്മിയുടെ ഓർമ്മയിൽ 'നീ എങ്ങോട്ടുപോയി' എന്ന പേരിൽ കഴിഞ്ഞവർഷം സ്വന്തമായി എഴുതി, പാടി അഭിനയിച്ച രണ്ട് വീഡിയോ ആൽബം തയ്യാറാക്കിയിരുന്നു, സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി കൊവിഡ് പശ്ചാത്തലത്തിൽ 'ജീവനം' എന്ന പേരിൽ ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിനുശേഷം ഇന്റർനാഷണൽ കമ്പനിയായ ഇറാം ഗ്രൂപ്പ് ചെയ്‌ത "ഒരിറ്റ്"എന്ന ഷോർട്ട്ഫിലിമിൽ പ്രധാന വേഷംചെയ്തത് ധനലക്ഷ്മിയാണ്. സംവിധായകൻ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സീരിയൽ, സിനിമയിൽ വേഷം ചെയ്യാൻ അവസരവും ലഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കിക്ക്. ഷൂട്ടിംഗിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ധനലക്ഷ്മിയെ തേടിയെത്തിയത്. വലിയപൊയിൽ സി.ഡി. ബിനോയുടെയും സജ്ന ബിനോയിയുടെയും ഏകമകളാണ് ധനലക്ഷ്മി.

ബൈറ്റ്

മകളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ട്. പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. പഠനത്തോടൊപ്പം ഒരു നിമിഷവും അവൾ വെറുതെ കളയാറില്ല.

സജ്‌ന ബിനോയ് ( മാതാവ് )