കൊച്ചി: സംസ്ഥാനത്ത് കൊവിഡിനെതിരായ പ്രതിരോധ വാക്‌സിൻ വിതരണം തുടരുകയാണെങ്കിലും വാക്‌സിനേഷൻ സംബന്ധിച്ച പരാതികൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വാക്‌സിൻ സ്വീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്തതും അനധികൃതമായി ആധാർ കാർഡ് ഉപയോഗിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ളവർ വാക്‌സിൻ സ്വീകരിക്കുന്നതുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ആധാർ കാർഡ് നമ്പർ കൈക്കലാക്കി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ വാക്‌സിൻ എടുക്കുന്നതോടെ യഥാർത്ഥ ആളിന് വാക്‌സിൻ സ്വീകരിക്കാനാകാത്ത സ്ഥിതിയുമുണ്ട്. വാക്‌സിൻ എടുക്കുന്നതിനായി സ്ലോട്ടുകൾ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് ഈ പ്രതിസന്ധികൾ.
തട്ടിപ്പ് ഇങ്ങനെ
ആധാർ നമ്പർ അനധികൃതമായി ഉപയോഗിച്ച് വാക്‌സിനേഷനിൽ തട്ടിപ്പ് നടത്തുന്നത് ഉത്തരേന്ത്യയിൽ നിന്നുള്ള സംഘങ്ങളാണ്. വാക്‌സിൻ രജിസ്‌ട്രേഷനായി നൽകുന്ന തിരിച്ചറിയൽ രേഖ രജിസ്‌റ്റർ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള മാർഗം കൊവിൻ ആപ്പിൽ ഇല്ലാത്തതാണ് തട്ടിപ്പുകാർ മറയാക്കുന്നത്. ആധാർ, പാൻകാർഡ്, വോട്ടർ ഐ.ഡി എന്നിവയടക്കം എട്ട് തിരിച്ചറിയൽ രേഖകൾ രജിസ്‌ട്രേഷനായി അംഗീകരിച്ചിട്ടുണ്ട്. രജിസ്‌റ്റർ ചെയ്യുന്ന തിരിച്ചറിയൽ രേഖയുടെ നമ്പരും രജിസ്റ്റർ ചെയ്യുന്നയാളും തമ്മിൽ ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. ഒരൊറ്റ തിരിച്ചറിയൽ രേഖ മാത്രം ഉള്ളവരാണ് തട്ടിപ്പിന് കൂടുതലും ഇരയാകുന്നത്. പാസ്‌പോർട്ട് നമ്പറാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെങ്കിൽ നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച് വിദേശ യാത്രകൾ പോലും തടസപ്പെടാവുന്ന അവസ്ഥയാണ്. മലയാളികളുടെ ആധാർ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ വാക്‌സിൻ എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത് കൂടുതൽ പേർ ഇരകളായതായി എൻ.ജി.ഒ ആയ ഹ്യൂമൻ റൈറ്റ്‌സ് ഫോറം പഠനത്തിൽ കണ്ടെത്തിയിരുന്നു.
സർട്ടിഫിക്കറ്റ് എവിടെ?
കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സർട്ടിഫിക്കറ്റോ വാക്‌സിനേഷന് ശേഷമുള്ള സ്ഥിരീകരണ സന്ദേശമോ ലഭിക്കാത്ത നിരവധി പേരുണ്ട്. കോവിൻ പോർട്ടലിൽ ഒന്നാം ഡോസ് സ്വീകരിച്ചെന്ന് രേഖപ്പെടുത്താത്തത് രണ്ടാം ഡോസ് എടുക്കുന്നതിന് തടസമാകുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ ബാങ്ക് അധികൃതർ തങ്ങളുടെ ആയിരത്തോളം ജീവനക്കാർക്കായി നടത്തിയ വാക്‌സിനേഷനിൽ 220 പേർക്ക് ഒന്നാം ഡോസ് സ്വീകരിച്ചതായി സർട്ടിഫിക്കേറ്റോ സ്ഥിരീകരണ സന്ദേശമോ ലഭിച്ചില്ല. ഇത് സംബന്ധിച്ച് പരാതി അറിയിക്കാൻ വിളിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. സാങ്കേതിക തകരാറോ രജിസ്‌ട്രേഷൻ സമയത്തെ പിശകുകളോ ആയിരിക്കാം കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇവർക്ക് 84 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ വീണ്ടും 20 ദിവസത്തോളം പിന്നിട്ട ശേഷമേ ലഭിക്കൂ. നിലവിൽ വാക്‌സിനേഷന് കാലതാമസം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണിവർ.
ഒ.ടി.പി കിട്ടും, സ്ളോട്ട് ഇല്ല
വാക്‌സിന്റെ ആദ്യ ഡോസിനായാലും രണ്ടാം ഡോസിനായാലും കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തതിന് ശേഷം മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി കിട്ടുമെങ്കിലും സ്ളോട്ട് ലഭിക്കാതെ വരുന്നതാണ് മറ്റൊരു വലിയ പ്രതിസന്ധി. സെന്ററും സമയവും വ്യക്തമാക്കുന്ന സ്ളോട്ട് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് ഹൈക്കോടതി പോലും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഓരോ ദിവസവും വൈകിട്ട് മൂന്ന് മണിക്ക് വാക്‌സിൻ ലഭ്യമായ ആശുപത്രികളുടെ വിവരം സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. എന്നാൽ, പലപ്പോഴും ഉപഭോക്താക്കൾക്ക് സ്ളോട്ട് കിട്ടാതിരിക്കുകയാണ് പതിവ്.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന പരാതികൾ പരിഹരിക്കും. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വാക്‌സിൻ നൽകാൻ തയ്യാറാണ്.
ഡോ.എം.ജി ശിവദാസ്
നോഡൽ ഓഫീസർ
വാക്‌സിനേഷൻ