manjari

തിരുവനന്തപുരം: കർക്കടക ചികിത്സ നല്ലതാണെന്ന് ചിത്രചേച്ചിയാണ് (കെ.എസ്.ചിത്ര) ഉപദേശിച്ചത്. അങ്ങനെയാണ് ഞാൻ കർക്കടകത്തിൽ കോയമ്പത്തൂരിൽ ആയുർവേദ ചികിത്സയ്‌ക്ക് പോയി തുടങ്ങിയത്. വിശപ്പ് ശരിക്കും അറിഞ്ഞത് അപ്പോഴാണ് - പറയുന്നത് പ്രിയഗായിക മഞ്ജരി.

കോയമ്പത്തൂരിലെ ആയുർവേദ ചികിത്സ കഴിഞ്ഞ തവണ മുടക്കിയത് കൊവിഡ് ആണ്. ഇത്തവണയും മുടക്കി. വീട്ടിൽ കർക്കടക കഞ്ഞിയിൽ ചികിത്സ ഒതുങ്ങും. കോയമ്പത്തൂരിലെ ഒരു മാസത്തെ ചികിത്സ ജീവിതരീതിയാകെ

മാറ്റിമറിക്കുമായിരുന്നെന്ന് മ‌ഞ്ജരി പറയുന്നു.
''രാവിലെ ഏഴിന് കക്ഷായം. പിന്നെ ഉഴിച്ചിൽ. എട്ടിന് പ്രഭാതഭക്ഷണം. വിചാരിക്കുന്ന പോലെ സുഖമല്ല ചികിത്സ. വയറ് പൊരിയും. വിശപ്പ് ശരിക്കും അറിയും. ഉച്ചഭക്ഷണം ലഭ 12.30നാണ്. വിശാലമായി കഴിക്കാനൊന്നും പറ്റില്ല. അതു കഴിഞ്ഞ് വിശന്ന് പൊരിഞ്ഞ്, നാലിനുള്ള ചായയ്‌ക്കായുള്ള ഒരു കാത്തിരിപ്പ്. ചായയും പഴം പുഴുങ്ങിയതുമാണ് തരുന്നത്...''

എല്ലാ നെഗറ്റീവ് കാര്യങ്ങളും കളഞ്ഞ് പോസിറ്റീവാകാൻ കഴിയുന്ന ചികിത്സ. ചിങ്ങത്തിൽ പുതിയ ജീവൻ ലഭിക്കുന്ന അനുഭവം. കൊവിഡിന് മുമ്പ് ഒപ്പം ചിത്ര ചേച്ചിയും ഉണ്ടായിരുന്നു. ചികിത്സയ്ക്കൊപ്പം സംഗീതവുമായി ഞങ്ങൾ കഴിഞ്ഞു.

കുട്ടിക്കാലത്ത് മഴ നനഞ്ഞ് ആഘോഷിക്കുന്ന മാസമായിരുന്നു കർക്കടകം. അന്നൊക്കെ ഞാൻ മസ്‌കറ്റിലായിരുന്നു. അവിടെ വേനൽ മാത്രം. ഇവിടെ അവധിക്കെത്തുന്നത് കർക്കടകത്തിലായിരിക്കും. മഴ പെയ്യുന്ന കാലം. ആവോളം മഴ ആസ്വദിച്ചിരുന്നു. ആഘോഷിച്ചിരുന്നു. അന്ന് മുതിർന്നവരൊക്കെ വഴക്കു പറയുമായിരുന്നു.

കോളേജ് പഠനത്തിന് നാട്ടിലെത്തിയപ്പോഴാണ് കർക്കടകത്തിന്റെ പ്രധാന്യം അറിയുന്നത്. ആരോഗ്യം സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസിലാക്കുന്നതും അപ്പോഴാണ്.

കർക്കടക കഞ്ഞി അമ്മ നിർബന്ധത്തോടെ കുടിപ്പിക്കുമായിരുന്നു.

ഇപ്പോഴത്തെ കർക്കടക മാസത്തിന് പ്രധാന്യമേറെയാണ് ഈ കൊവിഡ് കാലത്ത് എല്ലാവരും രോഗ പ്രതിരോധം ആർജ്ജിക്കണം. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ കഴിയണം. കഷ്ടകാലവും നല്ലകാലവും ജീവിതത്തിൽ എപ്പോഴുമുണ്ടാകും. കൊവിഡ് വന്നതോടെ കഷ്ടകാലം തന്നെയാണ്. ജീവിതം മുന്നോട്ടു പോകുന്നില്ല. എത്രനാൾ എങ്ങനെ എന്ന് ഒരു പിടിത്തവും ഇല്ല. ഈ കർക്കടകത്തോടെ കൊവിഡിന്റെ ദുർഘടമൊക്കെ മാറട്ടെ. ചിങ്ങത്തിൽ നല്ല തുടക്കം ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥന...