പോത്തൻകോട്: അയിരൂപ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ 30 വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തുകൊണ്ട് പോത്തൻകോട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചു. മാറുന്ന വിദ്യാഭ്യാസ രീതിക്കനുസരിച്ച് കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നിലകൊള്ളണമെന്നും കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഉതകുന്ന സൗഹൃദ പഠന അന്തരീക്ഷം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ മണലകം, തച്ചപ്പള്ളി, എൽ.പി.എസുകൾ, കൊയ്ത്തൂർക്കോണം, പോത്തൻകോട് യു.പി.എസുകൾ, പോത്തൻകോട് എൽ.വി. എച്ച്.എസ്, അയിരൂപ്പാറ എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ പി.ടി.എകളുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് അദ്ധ്യപകരും വിവിധ സംഘടനകളും സുമനസുകളായ വ്യക്തികളുമൊക്കെ നല്കിയ സഹായങ്ങളിലൂടെ ഫോൺ ഇല്ലാതിരുന്ന കുട്ടികൾക്ക് അവ ലഭ്യമാക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ആർ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഭിൻദാസ് , ഷാഹിദാ ബീവി, പഞ്ചായത്ത് അംഗം ബിന്ദുസത്യൻ, സ്കൂൾ പ്രിൻസിപ്പൽ എം. സജി, ഹെഡ്മിസ്ട്രസ് ഷീജ എ, തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ : അയിരൂപ്പാറ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മന്ത്രി ജി.ആർ. അനിൽ സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നു