ലോകത്ത് മനുഷ്യരിൽ ജീവന് ഭീഷണി ഉയർത്തുന്ന രോഗങ്ങളുടെ കൂട്ടത്തിൽ മുൻനിരയിലുണ്ട് ഹൃദ്രോഗം. ഹൃദയാഘാതത്തിന്റെ നിരക്കും വർദ്ധിച്ചു വരികയാണ്. ഹൃദയാഘാതം സംഭവിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാൻ ഫലപ്രദമായ ഒരു മരുന്ന് ചിലന്തിയുടെ വിഷത്തിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ.
ലോകത്തെ ഏറ്റവും അപകടകാരികളായ സ്പീഷിസുകളിൽ ഒന്നായ ഓസ്ട്രേലിയൻ ഫണൽ - വെബ് സ്പൈഡർ ഇനത്തിൽ നിന്നുള്ള വിഷമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രേസർ ഐലൻഡ് ഫണൽ - വെബ് സ്പൈഡറുകളുടെ വിഷമാണ് മരുന്നിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വൈകാതെ ഈ മരുന്നിന്റെ മനുഷ്യരിലുള്ള ട്രയൽ ആരംഭിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ മരുന്ന് ഇതുവരെ ലബോറട്ടറി ട്രയലുകൾക്കാണ് വിധേയമായത്.
ഹൃദയാഘാതത്തിന് പിന്നാലെ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന അപായ സന്ദേശം ശരീരം പുറപ്പെടുവിക്കുന്നത് തടയാൻ ഈ വിഷം സഹായിക്കുന്നുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്‌ലൻഡിലെ ശാസ്ത്രജ്ഞനായ നഥാൻ പാൽപന്റ് പറയുന്നത്. ഹൃദയാഘാതത്തിന് പിന്നാലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇതിന്റെ ഫലമായി ഹൃദയപേശിയിൽ ഓക്സിജന്റെ അളവും താഴുന്നു.
ഓക്സിജൻ കുറയുന്നതോടെ കോശങ്ങൾക്ക് ചുറ്റും അസിഡിക് സ്വഭാവം രൂപപ്പെടുകയും ഇത് ക്രമേണ ഹൃദയ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന സന്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം സംഭവിച്ച് ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങൾ ഇങ്ങനെ നശിച്ചു തുടങ്ങുന്നു. കോശങ്ങളുടെ നാശം കഴിയുന്നത്ര കുറച്ചാണ് ഹൃദയാഘാതം സംഭവിച്ചവരെ രക്ഷപ്പെടുത്തുന്നത്.
ഹൃദയാഘാതത്തിന് പിന്നാലെ ഹൃദയ പേശിയിലെ കോശങ്ങൾ നശിക്കുന്നത് എങ്ങനെ തടയാം, അല്ലെങ്കിൽ എങ്ങനെ പരമാവധി കുറയ്ക്കാമെന്ന ഗവേഷണങ്ങൾ ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. എന്നാൽ, ഇതുവരെയും ഹൃദയ കോശങ്ങൾ നശിക്കുന്നത് തടയാൻ ശക്തിയുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ പേർ ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരിക്കാനുള്ള കാരണങ്ങളിൽ ഒന്നും ഇതാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
എന്നാലിപ്പോൾ, ഫണൽ - വെബ് സ്പൈഡറിൽ നിന്ന് തങ്ങൾ വേർതിരിച്ചെടുത്ത പ്രോട്ടീന് ഹൃദയാഘാതത്തിന്റെ സമ്മർദ്ദത്തിൽ അകപ്പെട്ട ഹൃദയ കോശങ്ങളെ നിർജീവമാകുന്നതിൽ നിന്ന് തടയാൻ സാധിക്കുന്നതായാണ് ക്വീൻസ്‌ലൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. ചിലന്തിയുടെ വിഷത്തിൽ നിന്ന് വേർതിരിച്ചെടുത്ത Hi1a എന്ന പ്രോട്ടീൻ ഹൃദയത്തിലെ ആസിഡ് സെൻസിംഗ് അയോൺ ചാനലുകളെ തടയുകയും ഇത് വഴി ഹൃദയകോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന സന്ദേശങ്ങൾ തടസപ്പെടുകയും കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഹൃദയ കോശങ്ങളുടെ മെച്ചപ്പെട്ട അതിജീവനം സാദ്ധ്യമാകുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഹൃദയത്തെ സംരക്ഷിച്ച് ജീവൻ രക്ഷിക്കുക മാത്രമല്ല, ഹൃദയ മാറ്റിവയ്ക്കലിന് വിധേയമായ ഒരാളിൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും ഈ മരുന്ന് ഉപകരിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സ്ട്രോക്കിനെതിരെയും ഫണൽ വെബ് സ്പൈഡറിന്റെ വിഷം ഫലപ്രദമാണെന്ന് നേരത്തെ നടന്ന ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ പുതിയ മരുന്നിന്റെ മനുഷ്യരിലുള്ള ട്രയൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്‌ലൻഡിലെ ഗവേഷക സംഘം.