തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ 14 വാർഡുകളിലാണ് ഇതുവരെ സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറയിച്ചു. ജില്ലയിൽ ആകെ 30 കേസുകളാണുള്ളത്. അതിൽ നഗരപരിധിയിൽ കടംകംപള്ളി, ശ്രീകാര്യം, ആറ്റുകാൽ, വള്ളക്കടവ്, കണ്ണമ്മൂല, ഫോർട്ട്, കുന്നുകുഴി, പാൽകുളങ്ങര, വെട്ടുകാട്, നന്തൻകോട്, ശാസ്തമംഗലം, പട്ടം, പൂന്തുറ, നെടുങ്കാട് എന്നീ വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയെ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗപകർച്ച ഉണ്ടായത്. അതിനാൽ ആശുപത്രി പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വരുന്ന കരിക്കകം, കടകംപള്ളി, പേട്ട, കണ്ണമൂല, അണമുഖം, ആക്കുളം വാർഡുകളും പട്ടം, മെഡിക്കൽ കോളേജ്, കുന്നുകുഴി വാർഡുകളെയും പ്രത്യേക ക്ലസ്റ്ററായി മാറ്റിക്കൊണ്ട് കേന്ദ്ര സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. കൊതുക്ക് ജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കോർപറേഷന്റെ മുഖ്യകാര്യാലയത്തിലും സോണൽ ഓഫീസുകളിലും 18 മുതൽ 25 വരെ തീവ്ര ഉറവിട നശീകരണയജ്ഞം നടത്തുമെന്നും മേയർ അറിയിച്ചു.